ദുൽഖറിനെപ്പറ്റി അച്ഛൻ പറഞ്ഞത്; തുറന്നുപറച്ചിലുമായി ഷോബി തിലകൻ

Saturday 31 August 2024 11:14 AM IST

തന്നിലെ നടനെയും ഡബ്ബിംഗ് ആർട്ടിസ്റ്റിനെയും വളർത്തിയെടുക്കാൻ അച്ഛനൊപ്പമുള്ള യാത്രകൾ സഹായിച്ചിട്ടുണ്ടെന്ന് ഷോബി തിലകൻ. അച്ഛനോട് ഒരു മണിക്കൂർ സംസാരിച്ചാൽ അഞ്ച് സിനിമയ്ക്കുള്ള കാര്യങ്ങൾ കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷോബി തിലകൻ.


ദുൽഖറിനെക്കുറിച്ച് അച്ഛൻ പറഞ്ഞതും ഷോബി വെളിപ്പെടുത്തി. 'ഉസ്താദ് ഹോട്ടൽ ഷൂട്ടിംഗ് നടക്കുന്ന സമയം. ഞാനും അച്ഛനും റിയാദിൽ ഒരു ഫംഗ്ഷന് പോകുകയാണ്. ഫ്‌ളൈറ്റിൽ ഇരിക്കുമ്പോൾ ഞാൻ ചുമ്മാ ദുൽഖർ എങ്ങനെയുണ്ടെന്ന് അച്ഛനോട് ചോദിച്ചു. അവൻ കുഴപ്പമില്ല, അവന്റെ പ്രായം വച്ചുനോക്കുമ്പോൾ നന്നായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അച്ഛന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു അഭിപ്രായം വരാൻ ഇത്തിരി പാടാണ്. അത്രമാത്രം എക്‌സ്‌ട്രാ ഓർഡിനറി പെർഫോമൻസ് ചെയ്ത ഒരാളുടെ കാര്യത്തിലെ അച്ഛൻ അങ്ങനെ പറയൂ. ദുൽഖർ ഉപ്പൂപ്പാ എന്ന് വിളിക്കുന്നതിൽ തന്നെ വലിയൊരു ഇന്റിമസി തോന്നും. '- ഷോബി തിലകൻ പറഞ്ഞു.

മറ്റുള്ളവരുടെ മുന്നിൽ വച്ച് അച്ഛൻ തന്നെ അഭിനന്ദിക്കാറില്ലായിരുന്നെന്നും ഷോബി തിലകൻ പറഞ്ഞു. 'ഞാൻ അഹങ്കരിച്ചുപോയാലോ എന്ന് കരുതിയാണ് അച്ഛൻ മറ്റുള്ളവരുടെ മുന്നിൽവച്ച് എന്നെ അഭിനന്ദിക്കാതിരുന്നത്. പക്ഷേ ഞാൻ ഇല്ലാത്ത സ്ഥലത്താണെങ്കിൽ പറയും. പഴശ്ശിരാജ സിനിമയിൽ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാൻ ഹരിഹരൻ സാറിന് കോൺഫിഡൻസ് കൊടുത്തത് അച്ഛനാണ്.'- അദ്ദേഹം വ്യക്തമാക്കി.