സ്ത്രീ സുരക്ഷ, വാക്കിൽ മാത്രം

Sunday 01 September 2024 2:03 AM IST

പല മേഖലകളിലും ഒന്നാം സ്ഥാനം അവകാശപ്പെടുന്ന കേരളത്തിൽ സ്ത്രീ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയായി സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകൾ കുതിച്ചുയരുകയാണ്. 2016മുതൽ ഇക്കൊല്ലം ജൂൺ വരെ 1,33,595 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ബലാത്സംഗം, ഉപദ്രവം, തട്ടിക്കൊണ്ടുപോവൽ, സ്ത്രീധന പീഡന മരണം അടക്കമുള്ള കേസുകളാണിത്രയും. ഇക്കൊല്ലം ആദ്യ ആറു മാസക്കാലം മാത്രം 9501 കേസുകളാണുണ്ടായത്. 1338 പീഡനക്കേസുകളും ഇക്കൂട്ടത്തിലുണ്ട്. നിലവിലുള്ള നടപടികൾ പലതും കടലാസിൽ ഉറങ്ങുന്നതിനാൽ സ്ത്രീകൾക്ക് പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പറുണ്ടാക്കണമെന്നും സ്ത്രീകളും കുട്ടികളും പരാതി നൽകിയാൽ ഒരു മണിക്കൂറിനകം തുടർനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു.

സ്ത്രീസുരക്ഷയ്ക്ക് നിയമങ്ങളും പദ്ധതികളുമേറെയുണ്ടെങ്കിലും മാളിലും നടുറോഡിലും വാഹനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമെല്ലാം സ്ത്രീകൾ അപമാനത്തിനും ആക്രമണത്തിനും പീഡനത്തിനും അനുദിനം ഇരകളാവുന്നു. സ്ത്രീ സുരക്ഷയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഫലപ്രദമല്ല. പൊലീസിന്റെ 'പിങ്ക് ' പദ്ധതികൾക്കാവട്ടെ, വാഹനങ്ങളുടെ പർച്ചേസിൽ മാത്രമാണ് കണ്ണ്. സ്ത്രീ സുരക്ഷയ്ക്ക് കോടികളുടെ കേന്ദ്ര-സംസ്ഥാന ഫണ്ടും ,ആവശ്യത്തിലേറെ പദ്ധതികളുമുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. സെമിനാറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, വർഷത്തിലൊരിക്കലെ രാത്രി നടത്തം- ഇതിലൊതുങ്ങും പദ്ധതികൾ. രാത്രിയിലും ഉറങ്ങാതെ സജീവമായ കൊച്ചി നഗരത്തിലെ തിരക്കേറിയ നിരത്തുകളിലൂടെ ഓടിയ ജീപ്പിൽ മുക്കാൽ മണിക്കൂർ നേരം 19വയസുകാരി മോഡൽ കൂട്ടബലാത്സംഗത്തിനിരയായിട്ടും ഒരു നിരീക്ഷണ സംവിധാനങ്ങൾക്കും കണ്ടെത്താനായിരുന്നില്ല. രണ്ടാംതവണയാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിലെ ബലാത്സംഗം. പ്രമുഖ ചലച്ചിത്രനടിയായിരുന്നു ആദ്യ ഇര. മുൻ മിസ്കേരള അൻസി കബീറടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഡി.ജെ പാർട്ടിയും റോഡിലെ ചേസിംഗും ഇപ്പോഴും ദുരൂഹമായി തുടരുന്നു.

സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണനയെന്നാണ് പൊലീസിന്റെ പ്രഖ്യാപനമെങ്കിലും, കൊട്ടിഘോഷിച്ച് തുടങ്ങിയ സ്ത്രീസുരക്ഷാ പദ്ധതികളെല്ലാം പാളിപ്പോയമട്ടാണ്. പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്പോട്ട്, പിങ്ക് പട്രോൾ, കൺട്രോൾ റൂം എന്നിങ്ങനെ പദ്ധതികളേറെയുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ല. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പിങ്ക് പട്രോളും 1515ടോൾ ഫ്രീയിലെ അടിയന്തര സഹായവുമൊന്നും കാര്യക്ഷമമല്ല.

പ്രത്യേക വിഭാഗം എവിടെ

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിൽ പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി 2021 ഒക്ടോബറിൽ നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ഇത്തരം കേസുകൾ വേഗം തീർപ്പാക്കുമെന്നും അന്വേഷിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും അവരെ അന്വേഷണം പൂർത്തിയാവും വരെ മാറ്റില്ലെന്നുമുള്ള ഉറപ്പുകളും പാഴായി. പീഡനം തടയാൻ മിസ്ഡ് കോളടിച്ചാൽ പൊലീസ് വീട്ടിലെത്തി കേസെടുക്കുമെന്നും, ആഴ്ചയിലൊരിക്കൽ വനിതാ പൊലീസുകാർ വീട്ടിലെത്തി അതിക്രമങ്ങളുടെ വിവരങ്ങൾ ശേഖരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും നടപ്പായില്ല. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളെ രംഗത്തിറക്കാനുള്ള നീക്കവും ഫലവത്തായില്ല. സ്റ്റേഷൻ തലത്തിൽ സ്ത്രീ കർമ്മസേന എന്നപേരിൽ സേനയുണ്ടാക്കാൻ ഡി.ജി.പി നിയമസഭാ സമിതിക്ക് ശുപാർശ നൽകിയിരുന്നതാണ്. വിവരങ്ങൾ ശേഖരിക്കാനും അത് പൊലീസിനെ അറിയിക്കാനുമായിരുന്നു കുടുംബശ്രീയുടെ സഹായംതേടാനിരുന്നത്.

2017മുതൽ 2021വരെ ദുരൂഹസാഹചര്യത്തിൽ കാണാതായ 35,336 സ്ത്രീകളിൽ 170പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരം കേസുകൾ ഒളിച്ചോട്ടമായും നാടുവിടലായും മറ്റും എഴുതിത്തള്ളുകയാണ് പതിവ്. 2021നു ശേഷമുള്ള കണക്കുകൾ പൊലീസ് പുറത്തുവിടുന്നുമില്ല. അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ കാണാതായതിന് കണക്കും കേസുമില്ല. ഐ.ജിമാരുടെ മേൽനോട്ടത്തിൽ ജില്ലകളിലെ സി-ബ്രാഞ്ചുകൾ ഇത്തരം കേസുകൾ അന്വേഷിക്കുന്നുണ്ടെങ്കിലും വേഗത പോരാ. കൊല്ലം,പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഏതാനും വർഷത്തിനിടെ കാണാതായ 42സ്ത്രീകളെ കണ്ടെത്താനായിട്ടില്ല.

ഐ.പി.എസുകാരിക്കും രക്ഷയില്ല

 സ്ത്രീ സുരക്ഷാ ചുമതലയുള്ള ഐ.പി.എസുകാരി തലസ്ഥാനത്ത് അതിക്രമത്തിനിരയായി

 കോഴിക്കോട്-പാലക്കാട് എൻ.എച്ചിൽ 21കാരി പത്താം ക്ലാസുകാരന്റെ ക്രൂരതയ്ക്കിരയായി

 കോവളത്തു വന്ന ലാത്വിയൻ യുവതിയെ കൊന്നു തള്ളി

 കൊച്ചിയിലെ ഹൈപ്പർമാർക്കറ്റിൽ യുവ നടി അപമാനിക്കപ്പെട്ടു

 കൊച്ചിയിൽ ഓടുന്ന ജീപ്പിൽ 19കാരി കൂട്ടബലാത്സംഗത്തിനിരയായി

 കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ഗോഡൗണിൽ പീഡിപ്പിച്ചു

വെള്ളത്തിലായ 'സുരക്ഷാ' പദ്ധതികൾ

#രക്ഷാ ആപ്പ്

അപകടസാഹചര്യത്തിൽ ഫോണിലെ പാനിക് ബട്ടൺ അമർത്തിയാൽ കൺട്രോൾ റൂമിൽ അപകടസന്ദേശം ലഭിക്കുന്ന ആപ്പ്.

#പൊലീസ് അ​റ്റ് യുവർ കോൾ

അടിയന്തര സാഹചര്യത്തിൽ പൊലീസ് സഹായം ലഭിക്കാനും സ്റ്റേഷനുകളിലേക്കുള്ള വഴി കണ്ടെത്താനും സഹായിക്കുന്ന ആപ്ലിക്കേഷൻ.

#കെയർലൈഫ്

രണ്ടു തവണ 'ഹെൽപ്' എന്നു പറഞ്ഞാൽ പൊലീസിന് അപായ സൂചന നൽകുന്ന ആപ്ലിക്കേഷൻ. ഇന്റർനെ​റ്റ് വേണ്ട.

#നിർഭയം ആപ്പ്

സ്ത്രീസുരക്ഷ വിരൽത്തുമ്പിലാക്കാൻ പൊലീസ് നടപ്പാക്കിയ ആപ്പ്. രണ്ടുവർഷമായിട്ടും ഉപയോഗിക്കുന്നവർ കുറവ്.

അതിക്രമക്കേസുകൾ ഇങ്ങനെ

2016----------------15114

2017----------------14263

2018----------------13643

2019----------------14293

2020----------------12659

2021----------------16199

2022----------------18943

2023----------------18980

2024----------------9501(ജൂൺ വരെ)

പീഡനക്കേസുകളും കൂടുന്നു

2016----------------1656

2017----------------2003

2018----------------2005

2019----------------2023

2020----------------1880

2021----------------2339

2022----------------2518

2023----------------2562

2024----------------1338 (ജൂൺ വരെ)

Advertisement
Advertisement