ജർമ്മനിയിൽ വീണ്ടും കത്തി ആക്രമണം: 6 പേർക്ക് പരിക്ക്
Sunday 01 September 2024 6:31 AM IST
ബെർലിൻ: മൂന്ന് പേരുടെ ജീവനെടുത്ത കത്തി ആക്രമണത്തിന്റെ ഭീതി ഒഴിയും മുമ്പ് ജർമ്മനിയിൽ വീണ്ടും കത്തിയാക്രമണം. ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം, വെള്ളിയാഴ്ച രാത്രി 7.40ന് സീഗൻ പട്ടണത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ 32കാരിയായ ജർമ്മൻ യുവതിയെ അറസ്റ്റ് ചെയ്തു.
പ്രകോപനമൊന്നും കൂടാതെ യുവതി കത്തിയുമായി യാത്രക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഭവത്തിന് ഭീകര ബന്ധമില്ലെന്നും യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.ഏകദേശം 40 പേർ ബസിലുണ്ടായിരുന്നു.ആഗസ്റ്റ് 23ന് പടിഞ്ഞാറൻ ജർമ്മനിയിലെ സോളിംഗനിലുണ്ടായ കത്തി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐസിസ് ഏറ്റെടുത്തിരുന്നു.