ഗാസയിൽ വ്യാപക ആക്രമണം: 48 മരണം

Sunday 01 September 2024 6:37 AM IST

ടെൽ അവീവ്: ഗാസയിൽ ഇന്ന് മുതൽ പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ തുടങ്ങാനിരിക്കെ വ്യാപക ആക്രമണം നടത്തി ഇസ്രയേൽ. ഇന്നലെ ഗാസയുടെ മദ്ധ്യ, തെക്കൻ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ 48 പേർ കൊല്ലപ്പെട്ടു. നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ മാത്രം 20 പേർ കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 40,690 കടന്നു.ഗാസയിലെ 6,40,000 കുട്ടികൾക്കാണ് യു.എന്നിന്റെ നേതൃത്വത്തിൽ പോളിയോ വാക്സിൻ നൽകുക. ചൊവ്വാഴ്ച വരെയാണ് കാമ്പെയിൻ. 12.6 ലക്ഷം ഡോസ് നോവൽ ഓറൽ പോളിയോ വാക്സിൻ ടൈപ്പ് 2 ഗാസയിൽ എത്തിച്ചു. 4,00,000 അധിക ഡോസുകൾ എത്തിക്കും. 2,000ത്തിലേറെ പ്രാദേശിക ആരോഗ്യ പ്രവർത്തകർ സജ്ജമായി.

മദ്ധ്യഗാസയിലെ നാസർ ആശുപത്രിയിലെ ചില കുട്ടികൾക്ക് ഇന്നലെ തന്നെ വാക്സിൻ നൽകി. കുട്ടികൾക്ക് വാക്സിൻ നൽകാനായി രാവിലെ 6 മുതൽ വൈകിട്ട് 3 വരെ ആക്രമണങ്ങൾ നിറുത്തിവയ്ക്കുമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇത് വെടിനിറുത്തൽ അല്ലെന്നും ആക്രമണങ്ങൾക്ക് നൽകുന്ന താത്കാലിക ഇടവേളകൾ മാത്രമാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ഹമാസും ഈ സമയം ആക്രമണം നിറുത്തിവയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എത്രത്തോളം ഫലം കാണുമെന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ മാസം മദ്ധ്യ ഗാസയിൽ നിന്നുള്ള പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ സ്ഥിരീകരിച്ചിരുന്നു. 25 വർഷത്തിനിടെ ആദ്യമായാണ് ഗാസയിൽ പോളിയോ കേസ് കണ്ടെത്തിയത്. പിന്നാലെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.