റേഷ്യോപ്രൊമോഷൻ കാത്ത് ജലസേചന വകുപ്പ് ജീവനക്കാർ

Monday 02 September 2024 1:20 AM IST

ചേർത്തല: ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഏക ആനുകൂല്യമാണ് റേഷ്യോ പ്രൊമോഷൻ. എന്നാൽ, കഴിഞ്ഞ 32 വർഷമായി ജലസേചനവകുപ്പിലെ ജീവനക്കാർ

ഇതിനായുള്ള കാത്തിരിപ്പിലാണ്. ഇതിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യം അനുവദിക്കണമെന്ന് കോടതിവരെ നിർദ്ദേശിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് ഖേദകരം. ഈ ലിസ്റ്റിൽപ്പെട്ട പലരും പെൻഷൻ പറ്റിയത് ജീവനക്കാർക്ക് തിരിച്ചടിയാകുകയും ചെയ്തു.

പ്രമോഷൻ ലഭിക്കാതെ പിരിഞ്ഞതിനാൽ പലരും യഥാർത്ഥ ആനുകൂല്യം കിട്ടാതെ തുച്ചമായ വരുമാനം കൊണ്ട് കഴിയേണ്ട അവസ്ഥയിലാണ്. 1992ന് ശേഷം ജലസേചനവകുപ്പിൽ ഇതുവരെ റേഷ്യോ പ്രൊമോഷൻ അനുവദിച്ചിട്ടില്ല. ഈ വകുപ്പിൽ ഡ്രൈവർ ഉൾപ്പെടെ പല തസ്തികളിലും റേഷ്യോ പ്രൊമോഷൻ യഥാസമയം നടപ്പാക്കുമ്പോഴും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്.

ആനുകൂല്യം ലഭിച്ചിട്ട് 32 വർഷം

1. ജീവനക്കാരിൽ ചിലർ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ

സമീപിക്കുകയും രണ്ടുമാസത്തിനുള്ളിൽ റേഷ്യോപ്രെമോഷൻ അനുവദിക്കാൻ ഉത്തരവ് നേടിയെടുക്കുകയും ചെയ്തു. എന്നിട്ടും നടപ്പാക്കാത്തതിൽ കോർട്ട് അലക്ഷ്യത്തിന് ജീവനക്കാർ കേസ് ഫയൽ ചെയ്തു

2. തുടർന്ന് 2022 ൽ ഇറക്കിയ ഉത്തരവിൽ 2006 വരെയുള്ള 391 ജീവനക്കാർക്ക് റേഷ്യോപ്രമോഷൻ അനുവദിച്ചു. എന്നാൽ, വിരമിച്ചവരെയും മരിച്ചവരെയും മറ്റു വകുപ്പിലേക്ക് മാറിപ്പോയവരെയും ഇതിൽ ഒഴിവാക്കിയെന്ന് മാത്രമല്ല, ശമ്പള സ്‌കെയിലോ എന്നുമുതൽ ലഭിക്കുമെന്നോ പറഞ്ഞിരുന്നില്ല

3. ഇതോടെ ജീവനക്കാർ വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ചു. തുടർന്ന് ഓരോ ജീവനക്കാരുടെയും തീയതി നിർണയിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ ട്രൈബ്യൂണൽ ശുപാർശ ചെയ്തു.തുടർന്ന് 2023 ഫെബ്രുവരി 4ന് തീയതിയും സ്‌കെയിലും സൂചിപ്പിച്ച് ചീഫ് എൻജിനിയർ ഉത്തരവ് ഇറക്കി

4. എന്നാൽ എല്ലാവർക്കും ഒരേ തീയതി നൽകിയത് കാരണം റേഷ്യോപ്രെമോഷൻ നടപ്പാക്കാൻ കഴിഞ്ഞില്ല. 2006 ലിസ്റ്റിപ്പെട്ട പലരും വിരമിക്കുകയും സ്ഥലംമാറ്റം ലഭിച്ച് മറ്റു പല ഡിപ്പാർട്ട്‌മെന്റുകളിൽ ക്ലർക്കായി പോയിട്ടുണ്ട്. മറ്റു ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന് പ്രമോഷൻ കിട്ടി വന്നവരെക്കാൾ ഇവർക്ക് അടിസ്ഥാനശമ്പളം പെൻഷനും കുറവാണ്

Advertisement
Advertisement