കഷ്ടപ്പാടുകൾ താണ്ടി കിനാവിന്റെ തീരത്തേക്ക് ശശികല

Monday 02 September 2024 1:45 AM IST

തിരുവനന്തപുരം: ഡോക്ടറാകുക എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ചിറക് വിടർത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള വെള്ളനാട് നമസ്തേ വിംഗ്സ് ടു ഫ്ളൈയിലെ വിദ്യാർത്ഥി സി.ശശികല. ആലപ്പുഴ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച മിടുക്കിക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. തിരിച്ചടികളിൽ പതറാതെ പഠിച്ചു മുന്നേറിയ ശശികലയ്ക്ക് കുട്ടിക്കാലം മുതൽക്കുള്ള ആഗ്രഹമാണ് ഡോക്ടർ ആവുക എന്നത്. ഒരുപാട് പണം ആവശ്യം വരും എന്ന് കരുതി അന്നൊന്നും ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാൽ പത്താം ക്ളാസിലും പ്ലസ് ടുവിനും എല്ലാം വിഷയങ്ങളിലും എ പ്ളസ് ലഭിച്ചപ്പോൾ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് തിരിച്ചറിഞ്ഞു. അമ്മയും ഹോമിലെയും സ്കൂളിലെയും അദ്ധ്യാപകരും പിന്തുണ നൽകി.

കെ.എസ്.ആർ.ടി.സിയിൽ താത്കാലിക ഡ്രൈവർ ആയിരുന്ന അച്ഛൻ കൈലാസ് കുമാർ 2009ൽ ബസ് അപകടത്തിൽ മരണപ്പെടുമ്പോൾ ശശികലയ്ക്ക്‌ മൂന്ന് വയസ്. ആ മരണം ജീവിതം മാറ്റി മറിച്ചു. ശശികലയുടെ അമ്മ ചന്ദ്രകുമാരി ശശികലയേയും 5 വയസായ സഹോദരി രേവതിയേയും വെള്ളനാട് നമസ്തേ വിംഗ്സ് ടു ഫ്ളൈയിലെത്തിച്ചു. ഇവിടെ നിന്നാണ് ഇരുവരും പഠിച്ചത്. ആദ്യകാലങ്ങളിൽ ഇവിടെ ജോലി ചെയ്തിരുന്ന ചന്ദ്രകുമാരി ഇപ്പോൾ വീട്ടുജോലിക്കു പോകുന്നു.

പ്ളസ് ടുവിന് ശേഷം നീറ്റ് പരീക്ഷ പഠനത്തിനായി സഫയറിൽ ചേർന്ന ശശികലയുടെ സാഹചര്യം മനസിലാക്കിയ ഇവിടത്തെ അദ്ധ്യാപകൻ അജിത്ത് ഫീസ് ആനുകൂല്യം നൽകി. ഇപ്പോൾ എം.ബി.ബി.എസ് പഠനത്തിന്റെ ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസും ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്. ചേച്ചി രേവതി ബംഗളൂരുവിൽ നാലാം വർഷ എം.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.

Advertisement
Advertisement