വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കുതിക്കാൻ മൂന്നു മാസം
ന്യൂഡൽഹി : ആധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ മൂന്നു മാസത്തിനകം സർവീസ് ആരംഭിക്കും. രാത്രികാല ദീർഘദൂര യാത്രികർക്കായി സ്ലീപ്പർ കോച്ചുകൾ മാത്രമുള്ള (ഫുൾ സ്ലീപ്പർ ) രാജ്യത്തെ ആദ്യ ട്രെയിൻ ആണിത്.
വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കുന്ന ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ) സന്ദർശിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചതാണ് ഇക്കാര്യം.
ആദ്യ കോച്ചുകളുടെ നിർമ്മാണം പൂർത്തിയായി. ട്രാക്കിലെ ട്രയൽ ഉടൻ തുടങ്ങും. ഇവയുടെ ചിത്രങ്ങളും പുറത്തുവിട്ടു. 400 വന്ദേ സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുമെന്ന് 2023ൽ പ്രഖ്യാപിച്ചിരുന്നു. ഒന്നര വർഷം കോച്ചുകൾ നിർമ്മിച്ച ശേഷം മാസം രണ്ടോ മൂന്നോ ട്രെയിനുകൾ വീതം ഇറങ്ങും. നിലവിലുള്ള വന്ദേഭാരത്, ചെയർ കാർ ട്രെയിനുകളാണ്.
രാജധാനി എക്‌സ്‌പ്രസിന്റെ നിരക്കാകും അടിസ്ഥാനമാക്കുക. ലോക നിലവാരമുള്ള, ഇന്റീരിയർ ആണ്. കൂട്ടിയിടിയും തീപിടിത്തവും തടയാൻ ഉൾപ്പെടെ ആധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട്. ജീവനക്കാർക്ക് പ്രത്യേക കാബിനുണ്ട്. രാത്രിയിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ 800 - 1200 കിലോമീറ്റർ സഞ്ചരിക്കും.
823 യാത്രക്കാർ
ആകെ 16 സ്ലീപ്പർ കോച്ചുകൾ
11 എ.സി. ത്രീ ടയർ ( 611 ബെർത്ത്)
നാല് സെക്കൻഡ് എ.സി (188 ബർത്ത് )
ഒരു ഫസ്റ്റ് ക്ലാസ് എ.സി ( 24 ബർത്ത് )
ആകെ 823 ബെർത്ത്
വേഗത 160 കി.മീ
ആധുനിക സൗകര്യങ്ങൾ
1.സ്റ്റെയിൻലെസ് സ്റ്രീൽ ബോഡി
2. ആധുനിക മോഡുലാർ പാൻട്രി
3.റീഡിംഗ് ലൈറ്റ്, യു. എസ്. ബി.ചാർജിംഗ്
4. അനൗൺസ്‌മെന്റ് സിസ്റ്റം
5. അംഗപരിമിതർക്ക് പ്രത്യേക ബെർത്ത്, ശുചിമുറി
6. ഓട്ടോമാറ്റിക് വാതിലുകൾ
7. ഫസ്റ്റ് എ.സിയിൽ കുളിക്കാൻ ചൂടുവെള്ളം
8. ലഗേജ് റൂം, ഡിസ്‌പ്ലേ ബോർഡ്
9. കോച്ചുകളിൽ ഓക്‌സിജൻ ലെവൽ പാലിക്കും
10. വൈറസ് പ്രതിരോധം