തിരുവിതാംകൂർ സഹ. സംഘം തട്ടിപ്പ്: അന്വേഷിക്കാൻ പ്രത്യേക സമിതി

Monday 02 September 2024 12:21 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണസംഘത്തിലെ സാമ്പത്തിക തിരിമറിയിൽ പ്രത്യേക അന്വേഷണസമിതിയെ നിയോഗിക്കാൻ സഹകരണ വകുപ്പ്. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എല്ലാ വർഷത്തെയും ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കും. ഇടപാടുകൾ പ്രത്യേകം പരിശോധിക്കും.ആരോപണ വിധേയരാവരുടെ ഇടപാടുകൾ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും.വൻ തുക ലോൺ എടുത്തവർ അത് അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും.സംഘത്തിന് പിരിഞ്ഞ് കിട്ടിയ തുക പോയ വഴിയും പരിശോധിക്കും.ഇന്നലെ തട്ടിപ്പിനെതിരെ 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

ഇതു വരെ 60 കേസുകളായി.സംഘത്തിൽ പിരിഞ്ഞുകിട്ടിയ 40 ലക്ഷം രൂപ അത്യാവശ്യക്കാർക്ക് വീതിച്ചുനൽകിയെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ വാദം.ശസ്ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾക്ക് രേഖകൾ ഹാജരാക്കിയവർക്കാണ് പണം നൽകിയതെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ ബിജു പ്രസാദ് വിശദീകരിച്ചിരുന്നു.പണം തിരിച്ചുകിട്ടുന്നതിനുവേണ്ടി ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതിയുടെ നിർദ്ദേശം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അസി. രജിസ്ട്രാർ അറിയിച്ചു. എന്നാൽ സഹകരണ വകുപ്പിനെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാർ.

Advertisement
Advertisement