കേസുകൾ കെട്ടികിടക്കുന്നത് വെല്ലുവിളിയെന്ന് രാഷ്ട്രപതി

Monday 02 September 2024 12:01 AM IST

ന്യൂഡൽഹി : രാ​ജ്യ​ത്ത് ​വ​ൻ​തോ​തി​ൽ​ ​കേ​സു​ക​ൾ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ​വെ​ല്ലു​വി​ളി​യാ​ണെ​ന്നും,​ ​മാനഭംഗ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​വേ​ഗ​ത്തി​ൽ​ ​നീ​തി​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു. ഭാരത് മണ്ഡപത്തിൽ ജില്ലാ ജുഡീഷ്യറി ദേശീയ കോൺഫറൻസിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

രാജ്യത്താകെ 4.45 കോടിയിൽപ്പരം കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന നാഷണൽ ജുഡീഷ്യൽ ഡേറ്റ ഗ്രിഡിന്റെ കണക്ക് 'കേരള കൗമുദി' റിപ്പോർട്ട് ചെയ്‌തിരുന്നു.

ജുഡീഷ്യറിയെ ദൈവീകമായാണ് ജനങ്ങൾ കാണുന്നത്. മാനഭംഗം പോലുള്ള കേസുകളിൽ വിധി വൈകുന്നത് കോടതികളുടെ പ്രതികരണ ശേഷിയിൽ ജനങ്ങൾക്ക് സംശയമുണ്ടാക്കും. ഇരകൾക്ക് നീതി ലഭ്യമാകുമ്പോഴേക്കും അവരുടെ പുഞ്ചിരി മാഞ്ഞിട്ടുണ്ടാകും.

 'കേസ് മാറ്റിവയ്‌ക്കൽ' വേണ്ട

കേസുകൾ മാറ്റിവയ്‌ക്കുന്ന സംസ്‌കാരത്തിന് അറുതി വരുത്തണമെന്ന് ജുഡീഷ്യൽ ഓഫീസർമാരോട് രാഷ്ട്രപതി അഭ്യർത്ഥിച്ചു. വേഗത്തിൽ നീതി ഉറപ്പാക്കാൻ എല്ലാ ജഡ്‌ജിമാർക്കും ഉത്തരവാദിത്തമുണ്ട്. കോടതിയിലെത്തുന്ന ജനങ്ങൾ പിരിമുറക്കം അനുഭവിക്കുന്നു. അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കണം. വനിതാ ജഡ്‌ജിമാർ വർദ്ധിക്കുന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.

പുതിയ പതാക, ചിഹ്നം

സുപ്രീംകോടതിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി നീതിയും ജനാധിപത്യവും അടയാളപ്പെടുത്തുന്ന പുതിയ പതാകയും ചിഹ്നവും രാഷ്ട്രപതി പ്രകാശനം ചെയ്‌തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി രൂപകൽപന ചെയ്‌ത പതാകയിൽ അശോകചക്രവും, സുപ്രീംകോടതി കെട്ടിടവും, ഭരണഘടനയും ചേർത്തിട്ടുണ്ട്.

 ദേശീയ റിക്രൂട്ട്മെന്റ് വേണം

സംസ്ഥാനങ്ങളിലെ ജുഡീഷ്യൽ സർവീസ് നിയമനത്തിന് ദേശീയ റിക്രൂട്ട്മെന്റ് വേണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. നിയമനപ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കാൻ റിക്രൂട്ട്മെന്റ് കലണ്ടറും വേണം. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ജില്ലാ ജഡ്‌ജിമാരുടെ 28% ഒഴിവുകൾ നികത്തണം. ജില്ലാതല ജുഡീഷ്യറിയിൽ സ്ത്രീ സൗഹൃദ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. മെഡിക്കൽ സൗകര്യം, സുരക്ഷ, വീഡിയോ കോൺഫറൻസ് തുടങ്ങിയവ കാര്യക്ഷമമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പങ്കെടുത്തു.

സ്ത്രീകളെ ആക്രമികൾ

വിലസുന്നു

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇരകൾ ഭയപ്പാടോടെയാണ് കഴിയുന്നത്.​ സമൂഹം ഇരകൾക്ക് പിന്തുണ നൽകാത്തത് അവരുടെ സാഹചര്യം കൂടുതൽ മോശമാക്കുന്നുവെന്നും ദ്രൗപദി മുർമു പറഞ്ഞു. കൊൽക്കത്തയിലെ മാനഭംഗക്കൊലയുടെയും കേരളത്തിലെ ഹേമ കമ്മിറ്റി റിപ്പോർട്ടും ഉൾപ്പെടെ വിഷയങ്ങൾ നിൽക്കുന്നതിനിടെയാണ് പരാമർശമെന്നത് ശ്രദ്ധേയമാണ്.

Advertisement
Advertisement