സൈബറിൽ നിർണായകം സുവർണ മണിക്കൂറുകൾ : കോടികൾ തട്ടിക്കാൻ സംഘം, ബാങ്കും കരുതണമെന്ന് പൊലീസ്

Monday 02 September 2024 1:05 AM IST

തൃശൂർ: കവർച്ചകളിൽ നഷ്ടപെടുന്നതിനേക്കാൾ പതിനഞ്ച് ഇരട്ടിയിലധികം തുക സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നുവെന്ന് കണക്കുകൾ. ബാങ്കുകളുടെ പ്രതിരോധമാർഗങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് പൊലീസ്. കോടിക്കണക്കിന് രൂപ അക്കൗണ്ടിൽ പെട്ടെന്ന് വരികയും പിൻവലിക്കുകയുമെല്ലാം ചെയ്യുമ്പോൾ അത് കൃത്യമായി അന്വേഷിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്.
ബോധവത്കരണവുമായി പൊലീസ് സൈബർ സുരക്ഷാ നിർദ്ദേശം ജനങ്ങളിലേക്കെത്തിക്കുന്നുണ്ടെങ്കിലും സൈബർ കുറ്റകൃത്യങ്ങളെയും അവരുടെ പുതിയ രീതികളെയും കുറിച്ച് ജനം മനസിലാക്കുന്നില്ല. കഴിഞ്ഞ ജൂണിൽ യുവതിക്ക് ഒൻപതര ലക്ഷം രൂപ നഷ്ടമായ ഉടനെ പൊലീസിൽ പരാതിപ്പെട്ടതിനാൽ മുഴുവൻ തുകയും തിരിച്ചുകിട്ടിയിരുന്നു. കുരിയച്ചിറ സ്വദേശിനിയിൽ നിന്നും വ്യാജ ഫോൺകോളിലൂടെ അന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് 9,50,000 രൂപ തട്ടിയത്. സൈബർ ഫിനാൻഷ്യൽ ക്രൈം ഹെൽപ്പ് ഡെസ്‌ക് നമ്പർ ആയ 1930 എന്ന നമ്പറിലേക്ക് വിളിച്ച് റിപ്പോർട്ട് ചെയ്തതോടെ അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹി കസ്റ്റംസിൽ നിന്നാണ് വിളിക്കുന്നതെന്നും മലേഷ്യയിലേയ്ക്ക് അയച്ച പാഴ്‌സലിൽ നിയമവരുദ്ധമായവ ഉണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. തുടർന്ന് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും പരാതി നൽകി.

ഉദ്യോഗസ്ഥർ പണം ആവശ്യപ്പെടില്ല

ഒരു അന്വേഷണ ഉദ്യോഗസ്ഥരും കേസിന്റെ പരിശോധനയ്ക്കായി പണം അയച്ചുനൽകാൻ ആവശ്യപ്പെടില്ല. സൈബർ ഫ്രോഡുകളുടെ തട്ടിപ്പുകളിൽ ഉൾപെടാതിരിക്കാനുള്ള സുരക്ഷാമാർഗ്ഗം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും അത്യാവശ്യമാണ്. അപരിചിതരുടെ കോളിൽ സംശയം തോന്നിയാൽ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് എമർജൻസി നമ്പരായ 112 ൽ വിളിച്ച് ഉറപ്പുവരുത്തണം.

സുവർണ മണിക്കൂർ പ്രധാനം

ഒരു മണിക്കൂറിനുള്ളിൽ തന്നെ 1930 എന്ന നമ്പരിൽ വിളിക്കണം. എന്നാലേ സത്വര നടപടിയെടുക്കാനാകൂ. പണം നഷ്ടപെട്ട് 1930 എന്ന നമ്പറിലേക്ക് വിളിക്കാതിരുന്നവർക്കും ഏറെ വൈകി വിളിച്ചവർക്കും അക്കൗണ്ട് ഫ്രീസ് ചെയ്ത് പണം തിരികെ കിട്ടാനുള്ള സാദ്ധ്യത വളരെ കുറവാണ്.

വി.എസ്.സുധീഷ്‌കുമാർ
ഇൻസ്‌പെക്ടർ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ.

പോയത് 31 കോടി

ജൂൺ വരെ തൃശൂർ സിറ്റി

പൊലീസിലെ സൈബർ തട്ടിപ്പുകൾ: 190
നഷ്ടം പതിനഞ്ച് കോടി
സൈബർ ക്രൈം സ്റ്റേഷനിൽ: 64
പതിനാല് കോടി
മറ്റ് സ്റ്റേഷനുകളിൽ: 126
രണ്ട് കോടി.

ഇവ പാലിക്കുക

പൊലീസ് സാമൂഹ്യമാദ്ധ്യമങ്ങളിൽ നൽകുന്ന നിർദ്ദേശം പാലിക്കുക
സംശയാസ്പദമായ ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യാതിരിക്കുക.
ഒ.ടി. പി, സാമ്പത്തിക സ്വകാര്യവിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക
അനാവശ്യ ലിങ്കുകൾ ക്‌ളിക്ക് ചെയ്ത് ആപ്‌ളക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്
അപരിചിതരുടെ വീഡയോ കോളുകളോട് പ്രതികരിക്കാതിരിക്കുക.
തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻതന്നെ സൈബർ ക്രൈം പോർട്ടലിൽ (http://www.cybercrime.gov.in) റിപ്പോർട്ട് ചെയ്യണം.

ഹെൽപ്പ് ലൈൻ നമ്പർ: 1930

Advertisement
Advertisement