തമിഴ്നാട്ടിൽ സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് പരിഗണന : ഇവിടെ പാകത്തിന് വേണ്ടേ ആളും അർത്ഥവും ?

Monday 02 September 2024 1:05 AM IST
  • ഓണറേറിയം ജൂലായ് മുതൽ കുടിശ്ശിക

തൃശൂർ: തമിഴ്‌നാട്ടിൽ സ്‌കൂൾ പാചകത്തൊഴിലാളികൾ പാർട് ടൈം സ്ഥിരം ജീവനക്കാരാണെങ്കിൽ കേരളത്തിൽ മിനിമം കൂലിയുടെ പരിധിയിൽ പോലുമില്ല. അവിടെ കൂടുതൽ ആനുകൂല്യങ്ങൾ നൽകി തൊഴിലാളികളെ സംരക്ഷിക്കുമ്പോൾ സംസ്ഥാനത്ത് പ്രതിമാസ ഓണറേറിയം പോലും കൃത്യമല്ല. ജൂലായ് മുതൽ കുടിശ്ശികയുമാണ്.
കേരളത്തിൽ 12,000-13,500 രൂപയാണ് പ്രതിമാസ ഓണറേറിയം. തമിഴ്നാട്ടിലും ഇക്കാര്യത്തിൽ വ്യത്യാസമില്ലെങ്കിലും തൊഴിൽ സാഹചര്യത്തിൽ പാടെ വ്യത്യാസമുണ്ട്. തമിഴ്‌നാട്ടിൽ പി.എഫ്, ഗ്രാറ്റുവിറ്റി, പ്രസവാവധി, ഫെസ്റ്റിവൽ അഡ്വാൻസ്, അധികജോലിക്ക് വേതനം, ബോണസ് തുടങ്ങിയവ ലഭിക്കും. 500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളിയാണ് കേരളത്തിലെങ്കിൽ തമിഴ്‌നാട്ടിൽ ഓർഗനൈസറും കുക്കും അസി. കുക്കുമുണ്ടാകും. 500നു മുകളിലുണ്ടെങ്കിൽ നാല് തൊഴിലാളികളും. സംസ്ഥാനത്ത് 500 വിദ്യാർത്ഥികൾക്ക് ഭക്ഷണമുണ്ടാക്കാൻ ഒരാളെക്കൊണ്ട് കഴിയാത്തതിനാൽ തൊഴിലാളി സഹായിയെ വച്ച് സ്വന്തം പ്രതിഫലത്തിൽ നിന്ന് പകുതി അവർക്ക് കൊടുക്കണം. ഇവിടെ കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് ചില സ്‌കൂളുകളിൽ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടെന്നും തൊഴിലാളികൾ പറയുന്നു.

ഏട്ടിലെ പശുവായി പ്രഖ്യാപനങ്ങൾ

2016ൽ മിനിമം കൂലി നിശ്ചയിച്ച് സംസ്ഥാനം വിജ്ഞാപനം ഇറക്കിയെങ്കിലും നടപ്പാക്കിയില്ല. ഇ.എസ്.ഐ, പി.എഫ് ആനുകൂല്യം ഏർപ്പെടുത്തണമെന്ന് ഉച്ചഭക്ഷണ പദ്ധതിയുടെ ദേശീയ വർക്ക് പ്ളാനിൽ തീരുമാനിച്ചതും ജലരേഖയായി. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഏഴിന് തൃശൂർ കളക്ടറേറ്റിനു മുമ്പിലും എച്ച്.എം.എസിന്റെ നേതൃത്വത്തിൽ ഉത്രാടദിനത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിലും സമരം നടത്തും.

പണിയെടുക്കാൻ ആളുണ്ട്

കേരളത്തിൽ 13,453 തൊഴിലാളികൾ

തമിഴ്‌നാട്ടിൽ 1,28,210 പേർ

കേരളത്തിൽ

പ്രവൃത്തിദിനത്തിൽ ഓണറേറിയം 600-675

ശരാശരി പ്രതിമാസ പ്രവൃത്തിദിനം 20

തൊഴിലാളികളുടെ പ്രശ്‌നങ്ങൾ സർക്കാർ പരിഹരിക്കണം. ഓണം അലവൻസ് 1300 രൂപയിൽ നിന്ന് അയ്യായിരമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പി.ജി.മോഹനൻ, സംസ്ഥാന ജന.സെക്രട്ടറി,

സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)

Advertisement
Advertisement