ആറ് ബന്ദികളെ കൊന്ന് ഹമാസ്, നെതന്യാഹു സമ്മർദ്ദത്തിൽ യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ബൈഡൻ
ടെൽ അവീവ്: തെക്കൻ ഗാസയിലെ റാഫയിൽ ഭൂഗർഭ തുരങ്കത്തിൽ രണ്ട് യുവതികൾ അടക്കം ആറ് ഇസ്രയേലി ബന്ദികളെ വെടിവച്ച് കൊന്ന് ഹമാസ്. മൃതദേഹങ്ങൾ ഇന്നലെ ഇസ്രയേൽ സൈന്യമാണ് കണ്ടെത്തിയത്. മേഖലയിൽ ദൗത്യം തുടരുന്ന സൈന്യം തുരങ്കത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് ബന്ദികളെ ഹമാസ് കൊല്ലുകയായിരുന്നെന്ന് കരുതുന്നു. തലയിലടക്കം വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങൾ. കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് അമേരിക്കൻ പൗരത്വമുണ്ട്.
മൃതദേഹങ്ങൾ ഇസ്രയേലിലെത്തിച്ചു. ഹമാസിനെ ശിക്ഷിക്കാതെ വിശ്രമമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. എന്നാൽ ഗാസയിലെ ബന്ദികളെ തിരിച്ചെത്തിക്കാൻ അടിയന്തരമായി വെടിനിറുത്തൽ കരാറിലെത്തണമെന്ന് കാട്ടി ഇസ്രയേലികൾ തെരുവിലിറങ്ങി. ഇസ്രയേലിൽ ഇന്ന് രാജ്യ വ്യാപക സമരം പ്രഖ്യാപിച്ചു.ടെൽ അവീവിൽ മുനിസിപ്പാലിറ്റി ഓഫീസുകൾ അടച്ചിടും. ആശ്വസിപ്പിക്കാൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടെങ്കിലും ചില ബന്ദികളുടെ കുടുംബം നിരസിച്ചെന്നാണ് വിവരം. അതേസമയം, ഹമാസാണ് വെടിനിറുത്തൽ ചർച്ചകൾക്ക് തുരങ്കം വയ്ക്കുന്നതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ബന്ദികളെ കൊന്നവർ സമാധാനം ആഗ്രഹിക്കുന്നവരല്ലെന്നും പറഞ്ഞു. വിയോജിപ്പുമായി പ്രതിരോധ മന്ത്രി യോവ് ഗാലന്റും രംഗത്തെത്തിയതോടെ നെതന്യാഹു സമ്മർദ്ദത്തിലായി. ഹമാസുമായി കരാറിലെത്തണമെന്ന് ഗാലന്റ് ആവശ്യപ്പെട്ടു. ഹമാസിനെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് പ്രതികരിച്ചു. ഇനി 101 ബന്ദികൾ ഗാസയിലുണ്ടെന്ന് കരുതുന്നു. ഇതിൽ മൂന്നിലൊന്ന് പേർ ഇതിനോടകം കൊല്ലപ്പെട്ടിരിക്കാം.
വാക്‌സിനേഷൻ തുടങ്ങി
യു.എന്നിന്റെ നേതൃത്വത്തിൽ ഗാസയിലെ കുട്ടികൾക്ക് പോളിയോ വാക്‌സിനേഷൻ ഇന്നലെ ആരംഭിച്ചു. ചൊവ്വാഴ്ച വരെ തുടരും. രാവിലെ 6 മുതൽ വൈകിട്ട് 3 വരെ ഇസ്രയേൽ നിശ്ചിത മേഖലകളിൽ ആക്രമണങ്ങൾ നിറുത്തിവച്ചു. കഴിഞ്ഞ മാസം ഗാസയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ സ്ഥിരീകരിച്ചിരുന്നു. 6,40,000 കുട്ടികൾക്ക് വാക്സിൻ നൽകും. ഗാസയിൽ ആകെ മരണം 40,738 കടന്നു. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലുണ്ടായ വെടിവയ്പിൽ മൂന്ന് ഇസ്രയേലി പൊലീസുകാർ കൊല്ലപ്പെട്ടു. ഇതിനിടെ, പാലസ്തീന് പിന്തുണയറിയിച്ച് ഏദൻ ഉൾക്കടലിൽ ലൈബീരിയൻ ചരക്കു കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണമുണ്ടായി. ആളപായമില്ല.