റഷ്യൻ 'ചാരത്തിമിംഗലം' വാൽഡിമിർ വിടവാങ്ങി
ഓസ്‌ലോ : നോർവെ തീരത്ത് ജീവിച്ച വാൽഡിമിർ എന്ന റഷ്യൻ 'ചാരൻ" ബെലൂഗ തിമിംഗലം ഓർമ്മയായി. ശനിയാഴ്ച സ്റ്റവാങ്ങ്ഗറിനടുത്ത് റിസാവിക ഉൾക്കടലിൽ ജീവനറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം കണ്ടെത്താൻ 14 അടി നീളവും 2,700 പൗണ്ട് ഭാരവുമുള്ള വാൽഡിമിറിന്റെ ശരീരം പരിശോധനയ്ക്കായി മാറ്റും.
2019 ഏപ്രിലിൽ നോർവെയിലെ ഹാമർഫെസ്റ്റിന്റെ വടക്കൻ തീരത്താണ് വാൽഡിമിറിനെ ആദ്യമായി കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ടിന് നേരെ നീന്തിയെത്തിയ വാൽഡിമിറിന്റെ ശരീരത്തിൽ ക്യാമറ ഘടിപ്പിക്കുന്നതിനുള്ള സ്ട്രാപ്പ് ഉണ്ടായിരുന്നു.ഇതിൽ സെന്റ് പീറ്റേഴ്സ്‌ബർഗ് (റഷ്യൻ നഗരം) എന്ന് എഴുതിയിരുന്നു. ശത്രുക്കളെ നിരീക്ഷിക്കാൻ റഷ്യ കടലിൽ ഡോൾഫിനുകളെയും ബെലൂഗ തിമിംഗലങ്ങളെയും പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ടെന്ന് പ്രചാരണമുണ്ട്. ഇതോടെ വാൽഡിമിർ റഷ്യൻ ചാരനാകാമെന്ന സംശയം ഉയർന്നു. ബോട്ടിൽ തല ഉരസിയ വാൽഡിമിറിന്റെ ശരീരത്തിലെ സ്ട്രാപ്പും മറ്റും മത്സ്യത്തൊഴിലാളികൾ നീക്കം ചെയ്തു.
അവരുമായി ഇണങ്ങിയ വാൽഡിമിർ ബോട്ടിന് പിന്നാലെ കൂടി. ഹാമർഫെസ്റ്റ് ഹാർബറിലെത്തിയ വാൽഡിമിറിനെ ഫിഷറീസ് വകുപ്പ് പരിപാലിച്ചു. തിമിംഗലത്തിന്റെ നോർവീജിയൻ പദമായ 'വാൽ" (Hval) റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പേരിനൊപ്പം ചേർത്ത് വാൽഡിമിർ (Hvaldimir) എന്ന പേര് നൽകി. വാൽഡിമിറിനെ പിന്നീട് സ്വതന്ത്രനാക്കിയെങ്കിലും ഹാമർഫെസ്റ്റ് വിട്ടുപോയില്ല. അങ്ങനെ മനുഷ്യരെ ഇഷ്ടമുള്ള വാൽഡിമിർ നോർവെക്കാരുടെ പ്രിയങ്കരനായി. ബോട്ടുകളുടെ അരികിലെത്തുന്ന വാൽഡിമിർ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. വാൽഡിമിർ എവിടെ നിന്ന് വന്നെന്നോ ശരിക്കും റഷ്യൻ സൈന്യത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട ചാരൻ ആണോ എന്നും ഇന്നും വ്യക്തമല്ല. ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്ന ബെലൂഗ തിമിംഗിലങ്ങൾക്ക് നല്ല ബുദ്ധിശക്തിയാണ്.