സർക്കാർ കോളേജിലെ കൂട്ട ലൈംഗികാതിക്രമം; അദ്ധ്യാപകർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Monday 02 September 2024 1:00 PM IST

കോയമ്പത്തൂർ: വാൽപ്പാറ സർക്കാർ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തിൽ രണ്ട് അദ്ധ്യാപകർ ഉൾപ്പെടെ നാല് ജീവനക്കാർ അറസ്റ്റിൽ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ എസ് സതീഷ്‌കുമാർ (39), എം മുരളീരാജ് (33), ലാബ് അസിസ്റ്റന്റ് എ അൻപരശ് (37), സ്‌കിൽ കോഴ്‌സ് ട്രെയിനർ എൻ രാജപാണ്ടി (37) എന്നിവരെയാണ് വാൽപ്പാറ ഓൾ വിമൻ പൊലീസ് അറസ്റ്റ് ചെയ്‌തത്.

കോളേജിലെ ആറ് വിദ്യാർത്ഥിനികൾക്കെതിരെ ഇവർ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. പ്രതികളിൽ നിന്ന് പല രീതിയിലുള്ള അതിക്രമങ്ങൾ നേരിട്ടതായി വിദ്യാർത്ഥിനികൾ സംസ്ഥാന വനിതാ കമ്മീഷനാണ് ആദ്യം പരാതി നൽകിയത്. പിന്നാലെ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർ ആർ അംബികയും കോളേജിയേറ്റ് എജ്യൂക്കേഷൻ റീജണൽ ജോയിന്റ് ഡയറക്‌ടർ വി കലൈസെൽവിയും വെള്ളിയാഴ്‌ച കോളേജിലെത്തി അന്വേഷണം നടത്തി. ഇരുവരുടെയും മുന്നിൽ വിദ്യാർത്ഥിനികൾ പരാതിയിലെ കാര്യങ്ങൾ വ്യക്തമാക്കി. ഇതോടെ പൊലീസിന് പരാതി കൈമാറുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിദ്യാർത്ഥിനികൾക്ക് വാട്‌സാപ്പ് വഴി പ്രതികൾ അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് പതിവായിരുന്നു. ക്ലാസ് സമയം കഴിഞ്ഞാലും പ്രതികൾ വിദ്യാർത്ഥിനികളോട് ലാബിൽ നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തു. ക്ലാസിലും ലാബിലും വച്ച് ശരീരത്തിൽ മോശമായ രീതിയിൽ സ്‌പർശിച്ചെന്നും വിദ്യാർത്ഥിനികളുടെ പരാതിയിൽ പറയുന്നുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു.