ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
ലക്‌നൗ: ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്‌നൗവിലെ റാം മനോഹർ ലോഹ്യ നാഷണൽ ലാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായ അനിക രസ്തോഗി (19) ആണ് മരിച്ചത്. എൻ.ഐ.എയിലെ ഇൻസ്പെക്ടർ ജനറൽ സഞ്ജയ് രസ്തോഗിയുടെ മകളാണ് മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിയായ അനിക.
ശനിയാഴ്ച യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിൽ നടന്ന കൗൺസലിംഗ് പരിപാടിക്ക് ശേഷം അനിക ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയിരുന്നു. പത്ത് മണിയോടെ റൂംമേറ്റ് ഹോസ്റ്റലിലെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ അനികയെ ന അബോധാവസ്ഥയിൽ കണ്ടെത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു., ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസും വ്യക്തമാക്കി.
അനികയുടെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും വസ്ത്രങ്ങൾ ഉലച്ചിൽ തട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അനികയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.