മോദി ഇന്ന് ബ്രൂണെയിലേക്ക്

Tuesday 03 September 2024 4:11 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ബ്രൂണെ സന്ദർശത്തിനായി ഇന്ന് പുറപ്പെടും. നാളെ അദ്ദേഹം അവിടെ നിന്ന് രണ്ടു ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂരിലേക്കും പോകും. സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരമാണ് ബ്രൂണെ സന്ദർശിക്കുന്നത്. ഇന്ത്യയും ബ്രൂണയും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണെ സന്ദർശിക്കുന്നതും ആദ്യം.

പ്രതിരോധം, വ്യാപാരം- നിക്ഷേപം, ഊർജ്ജം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ബ്രൂണെയിൽ ഏകദേശം 14,000 ഇന്ത്യക്കാരുണ്ട്. കൂടുതലും ഡോക്ടർമാരും അദ്ധ്യാപകരുമാണ്.

പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ക്ഷണപ്രകാരമാണ് സിംഗപ്പൂർ യാത്ര. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധം, ബഹിരാകാശം, വാണിജ്യ, നിക്ഷേപം, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം, കണക്റ്റിവിറ്റി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് എന്നിവയിൽ സഹകരണമുണ്ട്. ഇന്ത്യയുടെ യു.പി.ഐ പണമിടപാട് സിംഗപ്പൂർ അംഗീകരിച്ചു. 3.9 ദശലക്ഷംവരുന്ന ജനസംഖ്യയിൽ 9.1ശതമാനവും ഇന്ത്യക്കാരാണ്.

Advertisement
Advertisement