കൊട്ടിക്കയറുന്നു വിവാദം തൃശൂർ പൂരം വീണ്ടും ചർച്ചയിലേക്ക്
തൃശൂർ: ബി.ജെ.പിക്ക് വഴിയൊരുക്കാൻ എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ പൂരം കലക്കിയെന്ന പി.വി. അൻവർ എം.എൽ.എയുടെ ആരോപണത്തോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പൂരവും അനിഷ്ടസംഭവങ്ങളും പൊതുജനശ്രദ്ധയിലേക്ക്. എ.ഡി.ജി.പിക്കെതിരെ കേസുടക്കണമെന്ന് ആവശ്യപ്പെട്ട പരാതിയും കെ. മുരളീധരന്റെ പ്രസ്താവനയും എല്ലാം കൂടിയാകുമ്പോൾ വരുംദിവസങ്ങളിലും ചർച്ചയ്ക്ക് ചൂടേറും.
വിഷയം സമൂഹ മാദ്ധ്യമങ്ങളിലും ചൂടൻ ചർച്ചയ്ക്ക് വഴിയൊരുക്കും. പൂരം പൊളിച്ചത് പൊലീസാണെന്ന ആക്ഷേപം ദേവസ്വങ്ങളും പൂരപ്രേമികളും രാഷ്ട്രീയ നേതൃത്വങ്ങളും മുൻപേ ഉയർത്തിയിരുന്നു. തെക്കെ ഗോപുരവാതിലിലൂടെ ആനക്കാരെയും ദേവസ്വം ഭാരവാഹികളെയും കടത്തിവിടാതിരിക്കുകയും വെടിക്കെട്ടിന്റെ പേരിൽ എഴുന്നെള്ളത്ത് വരുന്നതിനിടെ സ്വരാജ് റൗണ്ട് ബാരിക്കേഡ് വച്ച് കെട്ടിയടക്കുകയും മാദ്ധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും പോലുള്ള അനിഷ്ടസംഭവങ്ങൾ പൂരം നാളിൽ പൊലീസ് ചെയ്തിരുന്നു.
രാത്രി എഴുന്നെള്ളത്ത് തടസപ്പെട്ടതോടെ പൂരം നിറുത്തിവയ്ക്കുന്ന സാഹചര്യമുണ്ടായി. കമ്മിഷണർ അങ്കിത്ത് അശോകനെതിരെയായിരുന്നു ആരോപണം. പൂരം സംഘാടകരെ കൈയേറ്റം ചെയ്യുന്നത് അടക്കമുള്ള വീഡീയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാത്രിയിൽ തുടങ്ങി പുലരുവോളം നീണ്ട ചർച്ചയെത്തുടർന്നാണ് പിന്നീട് പകൽപൂരം നടന്നത്. പൂരം കലക്കിയത് ഇടതുമുന്നണിയെയും യു.ഡി.എഫിനെയും ബാധിച്ചിരുന്നു. സി.പി.ഐ അടക്കം കടുത്ത വിമർശനമാണ് അന്ന് ഉയർത്തിയത്.
വിഷയത്തിൽ ഇടപെട്ട സുരേഷ് ഗോപിക്കും ബി.ജെ.പിക്കും മേൽക്കൈ കിട്ടിയെന്നായിരുന്നു ആരോപണം. പൂരം നാളിൽ എ.ഡി.ജി.പി: എം.ആർ. അജിത് കുമാറും നോർത്ത് സോൺ ഡി.ഐ.ജി: രാമൻ, തൃശൂർ ഡി.ഐ.ജി: അജിത ബീഗം തുടങ്ങിയവരെല്ലാം തൃശൂരിലുണ്ടായിരുന്നു. എന്നാൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാതിരുന്നതും അന്നേ ചർച്ചയായിരുന്നു.
അന്വേഷണ റിപ്പോർട്ടും ഇല്ല
പൂരം വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ടാണ് അന്വേഷണത്തിന് എ.ഡി.ജി.പി: എം.ആർ. അജിത് കുമാറിനെ നിയോഗിച്ചത്. എന്നാൽ പൂരം കഴിഞ്ഞ് മാസങ്ങളായിട്ടും അന്വേഷണം ഇഴയുകയാണ്. പൂരം സംഘാടകരായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെയും പത്രപ്രവർത്തക യൂണിയന്റെയും വിശദീകരണം എടുത്തത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാനകാരണമായി പൂരം പ്രശ്‌നം എൽ.ഡി.എഫും സി.പി.എമ്മും സി.പി.ഐയും വിലയിരുത്തിയിട്ടും പൂരം കുളമാക്കിയവർക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതാണ് പി.വി. അൻവറിന്റെ പുതിയ ആരോപണത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്.
പൂരം കലക്കിയത് ഗുരുതര കുറ്റകൃത്യമാണെന്നും അതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ആഭ്യന്തര വകുപ്പ് അറിയാതെ ഇത്തരം നടപടികൾ ഉദ്യോഗസ്ഥന്മാർ ചെയ്യുമോ?.
- കെ. മുരളീധരൻ
ഇന്ന് പ്രതികരിക്കും : സുനിൽ കുമാർപൂരം വിഷയത്തിൽ അൻവറിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് ഇന്ന് പ്രതികരിക്കുമെന്ന് വി.എസ്. സുനിൽ കുമാർ കേരളകൗമുദിയോട് പറഞ്ഞു.
സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടാണെന്ന് വ്യാഖ്യാനിക്കുന്നത് തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്.- കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്