'പ്രമുഖ നടന്റെ ഭാര്യയായ താരത്തിനും രക്ഷയില്ല, മറ്റൊരു നടൻ മദ്യപിച്ച് ലൈംഗികാതിക്രമം നടത്തി'
ചെന്നൈ: തമിഴ് സിനിമയിലെ ഇപ്പോഴത്തെ പ്രമുഖ നടന്റെ ഭാര്യയ്ക്ക് നേരെ വർഷങ്ങൾക്ക് മുമ്പ് ലൈംഗികാതിക്രമം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാർ. സിനിമയിലെ പ്രമുഖ നടി പ്രമുഖ നടനെ വിവാഹം കഴിച്ചിട്ടുണ്ട്. ആ നടിക്ക് നേരെ മറ്റൊരു പ്രമുഖ നടൻ മദ്യപിച്ച് ലൈംഗികാതിക്രമം നടത്തി. താൻ ഇടപെട്ടാണ് അന്ന് ആ താരത്തെ രക്ഷിച്ചതെന്ന് രാധിക പറഞ്ഞു. പുതിയ സീരിയലുമായി ബന്ധപ്പെട്ട് ചെന്നൈയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ പ്രസ്താവനയ്ക്കും രാധിക മറുപടി നൽകി. അദ്ദേഹത്തിന് അറിയില്ലെങ്കിൽ അറിയില്ല, അദ്ദേഹത്തിന് ഇതേക്കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ പ്രതികരിക്കുമായിരിക്കും എന്നാണ് രാധിക പറഞ്ഞത്. മലയാള സിനിമ സെറ്റുകളിൽ കാരവാനുകളിൽ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന വെളിപ്പെടുത്തിൽ അടുത്തിടെ രാധിക നടത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചെന്നും രാധിക പറഞ്ഞു.
'മോഹൻലാൽ സാർ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്റെ സെറ്റിൽ നടന്നതാണോ എന്ന് ചോദിച്ചു. സാർ ഞാൻ പേര് പറയാൻ താൽപര്യപ്പെടുന്നില്ലെന്ന് ഞാൻ മറുപടി പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന കാര്യം അറിയിച്ചു'- രാധിക ശരത്കുമാർ പറഞ്ഞു.