പെരിങ്ങരയിൽ ലഘുഭക്ഷണ നിർമ്മാണശാല അടച്ചുപൂട്ടി

Wednesday 04 September 2024 2:35 AM IST

തിരുവല്ല : പെരിങ്ങരയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി. 10-ാം വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റാണ് അടപ്പിച്ചത്. തിരുനെൽവേലി സ്വദേശി ശങ്കറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. പരിസരവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേർന്ന് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. ഉഴുന്നുവടയും സമൂസയും നെയ്യപ്പവും കേക്കും അടക്കമുള്ള ലഘുഭക്ഷണങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യുന്ന യൂണിറ്റാണിത്. തിരുവല്ല, ചങ്ങനാശേരി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുള്ള ബേക്കറികളിലും ഹോട്ടലുകളിലുമായി ബൈക്കുകളിലും ഓട്ടോറിക്ഷകളിലും ഇവർ പലഹാരങ്ങൾ വിൽപ്പന നടത്തിയിരുന്നു. തുറസായതും വൃത്തിഹീനവുമായ അന്തരീക്ഷത്തിലാണ് അടുക്കള പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. പഴകിയ എണ്ണയാണ് പലഹാരങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത്. പലഹാരങ്ങൾ ഉണ്ടാക്കുന്ന മൈദ അടക്കമുള്ള സാധനസാമഗ്രികൾ വൃത്തിയില്ലാതെ സൂക്ഷിക്കുകയും അടുക്കളയുടെ പരിസരപ്രദേശങ്ങൾ മലിനജലം നിറഞ്ഞു ദുർഗന്ധം വമിച്ചിരുന്നതായും കണ്ടെത്തി. ഇവിടെ ജോലി ചെയ്യുന്ന 17 ജീവനക്കാരിൽ പലർക്കും ഹെൽത്ത് കാർഡില്ല. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളും പഴകിയ എണ്ണയും നശിപ്പിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ അടുക്കള പൂർണ്ണമായി നവീകരിക്കാനും പരിസരം ശുചീകരിക്കാനുമായി ഉടമയ്ക്ക് നോട്ടീസ് നൽകിയതായും ഇവ പാലിച്ചില്ലെങ്കിൽ സ്ഥാപനം തുറക്കാൻ അനുവദിക്കില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഏബ്രഹാം തോമസ്, വാർഡ് മെമ്പർ എസ്. സനൽകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ എ.സതീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജലക്ഷ്മി , വിജയലക്ഷ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.