'ദിലീപ് അന്നത് ചെയ്‌തതിന്റെ കാരണം ഉന്നത ബന്ധങ്ങൾ, സൂപ്പർ സ്റ്റാറുകൾക്ക് കഴിയാത്ത കാര്യവും ചെയ്‌തു'
കൊച്ചി: 2008ൽ സിനിമയിലെ പവർ ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് ദിലീപാണെന്ന് ആവർത്തിച്ച് സംവിധായകൻ വിനയൻ. പല സൂപ്പർ സ്റ്റാറുകൾ പോലും പ്രൊഡ്യൂസ് ചെയ്യാൻ മടിച്ച ട്വിന്റി ട്വന്റി പോലുള്ള ഒരു സിനിമ ചെയ്യാൻ അന്ന് ദിലീപിന് മാത്രമേ കഴിഞ്ഞിരുന്നുള്ളു. അതിന് കാരണം ദിലീപിന്റെ ബന്ധങ്ങളാണെന്നും വിനയൻ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിനയന്റെ വാക്കുകൾ:
എന്നെ മുൻനിർത്തി ആഷിക് അബു പുതിയൊരു സംഘടന തുടങ്ങുന്നു എന്ന് കേൾക്കുന്നുണ്ട്. അതിൽ വാസ്‌തവമില്ല. ഉണ്ണികൃഷ്‌ണനെ ഒഴിവാക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അതിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം എത്തിയത് കണ്ടു. അപ്പോഴാണ് ആഷിക് അബുവൊക്കെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായത്. ഞാനൊരു പുതിയ യൂണിയനുണ്ടാക്കാനോ അതിന്റെ നേതൃത്വത്തിൽ വരാനോ താൽപ്പര്യപ്പെടുന്നില്ല.
ആഷിക് അബു അല്ലെങ്കിൽ മറ്റൊരു വ്യക്തി പുതിയൊരു യൂണിയൻ തുടങ്ങിയാൽ അത് നല്ലതാണെന്ന് ഞാൻ പറയും. ഭാവിയിൽ താൽപ്പര്യം തോന്നിയാൽ ഞാനതിന്റെ ഭാഗമായേക്കും. അതല്ലാതെ ഒരു സംഘടനയുണ്ടാക്കാനും വിനയനില്ല. ഫെഫ്‌കയുടെ ജനറൽ സെക്രട്ടറിക്ക് അങ്ങനെയൊരു ടെൻഷൻ വേണ്ട. ഫെഫ്‌കയിലെ തൊഴിലാളികൾ എന്റെ കൂടി സഹോദരന്മാരാണ്. അവർക്കുവേണ്ടി ആദ്യം പോരാടിയത് ഞാനാണ്. സ്‌നേഹവും ബഹുമാനവും എനിക്കവരോടുണ്ട്.
പൃഥ്വിരാജിന്റെ അപ്രഖ്യാപിത വിലക്ക് അത്ഭുത ദ്വീപിലൂടെയാണ് മാറിയത്. അന്ന് അദ്ദേഹമാണ് നായകനെന്ന് ആരോടും പറഞ്ഞിരുന്നില്ല. രണ്ടരയടി പൊക്കമുള്ള പക്രുവാണ് നായകൻ. അതുപോലുള്ള ഒരുപാടുപേരുണ്ടെന്നും ഞാൻ അനൗൺസ് ചെയ്‌തു. കൽപ്പനയാണ് അന്നെന്നെ സപ്പോർട്ട് ചെയ്‌തത്. പൃഥ്വിരാജാണ് നായകനെന്ന് പറയണ്ടെന്ന് പറഞ്ഞു. ഞാൻ ജഗദീഷിന്റെയും ജഗതി ശ്രീകുമാറിന്റെയും ഉൾപ്പെടെ സംഘടനയിലുള്ള എല്ലാ താരങ്ങളിൽ നിന്നും ഞാൻ എഗ്രിമെന്റ് എഴുതി വാങ്ങി.
സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് പൃഥ്വിരാജ് കൂടി നായകനായുണ്ടെന്ന് പറഞ്ഞത്. സിനിമയിൽ നിന്ന് പിന്മാറുന്നവർക്കെതിരെ ഞാൻ കേസിന് പോകുമെന്നും പറഞ്ഞു. എങ്കിൽ വൻ തുക അവർ നഷ്‌ടപരിഹാരം നൽകേണ്ടി വന്നേനെ. അങ്ങനെയാണ് പൃഥ്വിരാജിന്റെ വിലക്ക് മാറിയത്. ഇങ്ങനെയൊരു പടം ചെയ്‌താൽ പിന്നെ അയാളെ വിലക്കി എന്നുപറഞ്ഞ് നടന്നിട്ട് കാര്യമില്ലല്ലോ. ഇതിന്റെ പേരിൽ പൃഥ്വിരാജ് എനിക്ക് അനുകൂലമായി പറയണമെന്നോ പ്രസ്‌താവന നടത്തണമെന്നോ ഞാൻ പറഞ്ഞിട്ടില്ല.
പല പുതുമുഖ നടീ നടന്മാരെ ഞാൻ സിനിമാ രംഗത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ഇന്ന് പ്രമുഖരാണ്. ഞാൻ ബുദ്ധിമുട്ടിയ സമയത്ത് ആരും പിന്തുണച്ചില്ല. പലരും കാണുമ്പോൾ പോലും മുങ്ങി നടക്കുമായിരുന്നു. സാറിന്റെ ഭാഗത്ത് ന്യായമുണ്ടെന്നോ അല്ലെങ്കിൽ തെറ്റുണ്ടെന്നോ ആരും പറഞ്ഞിട്ടില്ല. കലാഭവൻ മണി വീട്ടിൽ വന്ന് കരഞ്ഞു. സാറിനെ സഹായിക്കാമെന്ന് പറഞ്ഞു. നിന്റെ സ്‌നേഹം മാത്രം മതിയെന്നാണ് അന്ന് ഞാൻ പറഞ്ഞത്.
ഇപ്പോൾ ദിലീപിന് പവർ ഗ്രൂപ്പുമായി ബന്ധമില്ല. 2008ൽ സിനിമയിലെ പവർ ഗ്രൂപ്പുണ്ടായിരുന്ന കാലത്ത് ട്വിന്റി ട്വന്റി പോലൊരു സിനിമ ചെയ്യാൻ ദിലീപിനെ കഴിഞ്ഞുള്ളു. അത് അത്രയും ബന്ധങ്ങൾ ഉള്ളതുകൊണ്ടാണ്. അദ്ദേഹം സൂപ്പർ സ്റ്റാറാകുന്നതിന് മുമ്പ് പത്തോളം ചിത്രങ്ങൾ ഞാൻ ചെയ്‌തിട്ടുണ്ട്.