അരിക്കും മുട്ടയ്ക്കും എക്‌സ്‌പയറി ഡേറ്റ് ഉണ്ടെന്ന് അറിയാമോ, നിങ്ങൾ ഇതുവരെ അത് നോക്കിയിട്ടുണ്ടോ?

Wednesday 04 September 2024 2:26 PM IST

ഒരു ഭക്ഷണസാധനം വാങ്ങാനായി നിങ്ങൾ കടയിലെത്തിയാൽ ആദ്യം എന്തുചെയ്യും? ആ സാധനത്തിന്റെ പാക്കറ്റ് കൈയിലെടുത്ത് അതിലടങ്ങിയിരിക്കുന്ന ചേരുവകൾ, പ്രോട്ടീൻ അളവ്, മറ്റ് പോഷകങ്ങൾ എന്നിവ നോക്കും. പിന്നെ നോക്കുന്നത് എക്സ്പയറി ഡേറ്റായിരിക്കും. അതായത് ആ ഉത്പന്നം ഉപയോഗിക്കാൻ കഴിയാതെ കാലഹരണപ്പെടുന്ന തീയതി.

ഡേറ്റുകഴിഞ്ഞ സാധനമാണെങ്കിൽ വാങ്ങാതെ അത് തിരികെ വയ്ക്കും. കടകളിൽ വിൽക്കുന്ന എല്ലാ ഭഷ്യവസ്തുക്കൾക്കും എക്സ്പയറി ഡേറ്റ് ഉണ്ടെന്നത് മിക്കവർക്കും അറിയാത്ത കാര്യമാണ്. അരിയിൽപ്പോലും അതുണ്ട്. പക്ഷേ ആരും അതുനോക്കാറില്ല എന്നതാണ് സത്യം. എക്സ്പയറി ഡേറ്റ്, ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്നിവ പാക്കറ്റിന് മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തവ വിറ്റാൽ കുറ്റമാണ്. അങ്ങനെയുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് തെളിവുസഹിതം അധികൃതരെ സമീപിക്കാവുന്നതാണ്.

എക്സ്പയറി ഡേറ്റിനുശേഷവും കഴിക്കാമോ?

പ്രത്യേക പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷമാണ് നിർമ്മാതാക്കൾ ഒരു ഉത്പന്നത്തിന് എക്സ്പയറി ഡേറ്റ് നിശ്ചയിക്കുന്നത്. എന്നാൽ ചില ഉത്പന്നങ്ങൾ കാലഹരണപ്പെടുന്ന തീയതിക്കുശേഷവും പെട്ടെന്ന് ദോഷകരമായി മാറില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. അതായത് കാലാവധി കഴിഞ്ഞ ബിസ്കറ്റ് പാക്കറ്റിലുള്ള ബിസ്റ്റകറ്റുകൾക്ക് കറുമുറുപ്പ് (ക്രഞ്ച്) നഷ്ടപ്പെടും. ഒപ്പം പഴകിയതിന്റെ ഭാഗമായുള്ള അരുചിയും ഉണ്ടാവും. അതിനാൽത്തന്നെ ആരും അത് കഴിക്കാൻ ഇഷ്ടപ്പെടില്ല.

ഏറ്റവും പ്രശ്നം പാലും മുട്ടയും

കാലാവധിയുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് പാൽ, മാംസം, മുട്ട എന്നിവയാണ്. നിശ്ചിത തണുപ്പിലാണ് ഇവ സൂക്ഷിക്കേണ്ടത്. എന്നാൽ ഒട്ടുമിക്ക കടവകളിലും ഇത്തരത്തിൽ സൂക്ഷിക്കാറില്ലെന്നതാണ് സത്യം. പാൽ സൂക്ഷിക്കുന്ന ഫ്രീസർ ഒരുദിവസം പലപ്രാവശ്യം തുറക്കുന്നതിനാൽ താപനിലയിൽ വ്യത്യാസമുണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാൽ കാലഹരണപ്പെടുന്ന തീയതിക്കുമുമ്പുതന്നെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്.

മുട്ടയ്ക്ക് എക്സ്പയറി ഡേറ്റ് ഉള്ള കാര്യം ഭൂരിപക്ഷത്തിനും അറിയില്ല. സൂപ്പർമാർക്കറ്റുകളിലും കടകളിലും നിശ്ചിത എണ്ണം മുട്ടകൾ പാക്കറ്റിലാക്കിയാണ് വിൽക്കാൻ വച്ചിട്ടുള്ളത്. ഈ പാക്കറ്റിന് മുകളിൽ എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടാവും. പാക്കറ്റിലല്ലാത്ത മുട്ട‌ വാങ്ങുമ്പോഴാണ് പണി ഏറെ കിട്ടുന്നത്. നാലാഴ്ചവരെ മാത്രമാണ് മുട്ട ഫിഡ്ജിനുളളിൽപ്പോലും കേടുകൂടാതിരിക്കുന്നതെന്ന് പ്രത്യേകം ഓർക്കണം. നനവോടെയാണ് സൂക്ഷിക്കുന്നതെങ്കിൽ കാലാവധി വീണ്ടും കുറയും. കാലാവധി കഴിയുന്നതോടെ മുട്ടയിലും പാലിലും മാംസത്തിലുമൊക്കെ അതിവേഗം ബാക്ടീരിയകൾ പെറ്റുപെരുകയും ഇത് കഴിക്കുന്നവരെ മാരക രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

അരിക്കുമുണ്ട് എക്സ്പയറി

നമ്മുടെ നിത്യാഹാരമായ അരിക്കും എക്സ്പയറി ഡേറ്റുണ്ട്. എന്നാൽ ഇത് കടയുടമകൾക്കുപോലും അറിയില്ല. വലിയ ചാക്കുകളിലും അഞ്ചുകിലോ, പത്തുകിലോ പാക്കറ്റുകളിലും എക്സ്പയറി ഡേറ്റ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. സാധാരണയായി പാക്കുചെയ്യുന്ന തീയതി മുതൽ പതിനെട്ടുമാസം വരെയായിരിക്കും കാലാവധി. ഇത്രയും നാൾ അരിച്ചാക്കുകൾ വിറ്റുപോകാതെ കടയിൽ ഇരിക്കാറില്ലെന്നാണ് കടയുടമകൾ പറയുന്നത്. എന്നാൽ ചെറിയ പാക്കറ്റുകൾ വാങ്ങുമ്പോൾ കൃത്യമായി നോക്കിവാങ്ങാൻ മറക്കരുത്.


'പയർവർഗ്ഗങ്ങൾ, പാസ്ത, അരി തുടങ്ങിയ വരണ്ടതും വായുസഞ്ചാരമുള്ളതുമായ മുറികളിൽ സൂക്ഷിച്ചാൽ അവയുടെ കാലഹരണ തീയതിക്ക് അപ്പുറം നന്നായി നിലനിൽക്കുമെന്നാണ് മുംബയിൽ നിന്നുള്ള കൺസൾട്ടന്റ് ക്ലിനിക്കൽ ഡയറ്റീഷ്യൻ പൂജാ ഷാ ഭാവെ പറയുന്നത്. ഇന്ത്യൻ ഉപഭോക്താക്കളിൽ പലരും ഗോതമ്പുപൊടി, ശുദ്ധീകരിച്ച് മാവ്, സൂചിഗോതമ്പ് തുടങ്ങിയവ കാലാവധിക്കുശേഷവും ഉപയോഗിക്കാറുണ്ടെന്നും അവർ പറയുന്നു. കറിമസാലപോലുള്ളവ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കാലാവധിക്കുശേഷവും പ്രശ്നമില്ലാതെ നിലനിൽക്കുമെന്നാണ് അവർ പറയുന്നത്.

ഫ്രിഡ്ജിൽ വച്ചതെല്ലാം സുരക്ഷിതമല്ല

ഫ്രിഡ്ജിൽ വച്ചാൽ എല്ലാം ഓകെയായി എന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നാണ് ഡൽഹിയിലെ സികെ ബിർല ആശുപത്രിയിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ ദീപാലി ശർമ പറയുന്നത്. ഫ്രിഡ്ജിനുള്ളിലെ താപനില ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അഞ്ചുഡിഗ്രി സെൽഷ്യസിൽ താഴെയാണെങ്കിൽ പ്രശ്നമില്ല. പാക്കറ്റുകൾ അടച്ചുസൂക്ഷിക്കാനും ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നതും ഒഴിവാക്കണമെന്നാണ് ദീപാലി പറയുന്നത്.

Advertisement
Advertisement