"ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർ ഗ്രൂപ്പിനെ പറ്റി കേട്ടിട്ടുണ്ടോ? ആ പവർ ഗ്രൂപ്പിൽപ്പെട്ട ആളാണ്"

Wednesday 04 September 2024 5:47 PM IST

കുറച്ച് ദിവസം മുമ്പാണ് മലയാള സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള നിരവധി താരങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പതിനഞ്ചംഗ പവർ ഗ്രൂപ്പിനെക്കുറിച്ച് പരാമർശമുണ്ട്. ആരൊക്കെയാണ് പവർ ഗ്രൂപ്പിലുള്ളതെന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധ്യാൻ ശ്രീനിവാസൻ നടത്തിയ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ചടങ്ങിനിടയിലാണ് ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.

താനാണ് പവർ ഗ്രൂപ്പ് എന്നാണ് ധ്യാൻ വീഡിയോയിൽ പറയുന്നത്. ഇതിന്റെ കാരണവും ധ്യാൻ തന്നെ പറയുന്നുണ്ട്. 'ഇവിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പവർ ഗ്രൂപ്പിനെ പറ്റി പറയുന്നുണ്ട്. കേട്ടിട്ടുണ്ടോ? അങ്ങനെ പറയുമ്പോൾ ഏറ്റവും കൂടുതൽ സിനിമ ചെയ്യുന്ന ഞാനല്ലേ പവർ ഗ്രൂപ്പ്. ആ പവർ ഗ്രൂപ്പിൽപെട്ട ആളാണ്. സിനിമ വരുമ്പോഴല്ലേ ചെയ്യാൻ പറ്റുള്ളൂ. കിട്ടുമ്പോൾ ചെയ്യുക. അത്രയേയുള്ളൂ.'- എന്നാണ് ധ്യാൻ വീഡിയോയിൽ പറയുന്നത്.


അതേസമയം, കഴിഞ്ഞ ദിവസം ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. 'ഡിറ്റക്ടീവ് ഉജ്ജ്വൽ' എന്നാണ് സിനിമയുടെ പേര്. സോഫിയ പോളിന്റെ വീക്കെൻഡ് സിനിമാറ്റിക് ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഡിറ്റക്‌ടീവ് ഉജ്ജ്വൽ പുതിയ കേസ് ഏറ്റെടുക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. റമീസ് ആർ സി ആണ് സംഗീതമൊരുക്കുന്നത്.