ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സുപ്രീംകോടതി, തോന്നിയതെല്ലാം ചെയ്യാൻ മുഖ്യമന്ത്രി ഫ്യൂഡൽ രാജാവല്ല

Thursday 05 September 2024 4:45 AM IST

ന്യൂഡൽഹി : മുഖ്യമന്ത്രി ആയതുകൊണ്ട് എന്തും ചെയ്യാമെന്ന് കരുതരുതെന്നും തോന്നിയതൊക്കെ ചെയ്യാൻ ഭരണത്തലവന്മാർ ഫ്യൂ‌ഡൽ രാജാക്കന്മാരല്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷകർധാമിയെ ഓർമ്മിപ്പിച്ച് സുപ്രീംകോടതിയുടെ നിശിത വിമർശനം.

ജിം കോർബറ്റ് ടൈഗർ റിസർവിൽ നിന്ന് മരം മുറിച്ചു കടത്തിയെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങൾക്ക് വകുപ്പുതല അന്വേഷണം നേരിടുന്ന ഐ.എഫ് എസ് ഉദ്യോഗസ്ഥൻ രാഹുലിനെ രാജാജി ടൈഗർ റിസർവിന്റെ ഡയറക്‌ടറായി നിയമിച്ച പുഷ്‌കർ സിംഗ് ധാമിയുടെ ഏകപക്ഷീയ നടപടിയാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. രാഹുലിനെ നിയമിക്കരുതെന്ന സംസ്ഥാന വനം മന്ത്രിയുടെയും ചീഫ്സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക കുറിപ്പ് തള്ളിയാണ് മുഖ്യമന്ത്രി നിയമനം നടത്തിയത്.

തമ്പുരാന്റെ ഇഷ്‌ടത്തിന് കാര്യങ്ങൾ നടക്കാൻ ഇത് ഫ്യൂഡൽ കാലമല്ല. മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് എന്തും ചെയ്യാമെന്നാണോ ? ജസ്റ്രിസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ചോദിച്ചു. വകുപ്പ്തല നടപടി നേരിടുന്ന ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിക്കെന്താ ഇത്ര മമതയെന്നും കോടതി ചോദിച്ചു.

പൊടുന്നനെ ഈ തസ്‌തികയിൽ നിന്ന് ഉദ്യോഗസ്ഥനെ ചീഫ് കൺസർവേറ്ററായി സ്ഥലംമാറ്റിയതും കോടതി പരാമർശിച്ചു. നല്ല ഉദ്യോഗസ്ഥനാണെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചപ്പോൾ, എങ്കിൽ വകുപ്പുതല നടപടി എന്തിനെന്ന് കോടതി തിരിച്ചടിച്ചു. പ്രഥമദൃഷ്ട്യാ തെളിവില്ലാതെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമോ?​ അന്വേഷണത്തിൽ കുറ്റവിമുക്തനാക്കാതെ നല്ല ഓഫീസറെന്ന സ്വഭാവ സർട്ടിഫിക്കറ്റ് നൽകരുത്. ഉത്തരാഖണ്ഡ് സർക്കാർ വിശദീകരണം സമർപ്പിക്കണം. രാഹുലിന്റെ വിവാദ നിയമനം പിൻവലിച്ചതിനാൽ ഉത്തരവിടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പത്രറിപ്പോർട്ടിന് പ്രശംസ

വകുപ്പ് മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും എതിർപ്പ് തള്ളിയാണ് നിയമനം നടത്തിയതെന്ന പത്രവാർത്ത വസ്തുനിഷ്ഠമാണെന്ന് കോടതിക്ക് ബോദ്ധ്യമായി. ആ വാർത്ത തെറ്റാണെന്ന് സ്ഥാപിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

കാര്യങ്ങൾ പരിശോധിക്കണം

1. വനം മന്ത്രിയും, ചീഫ് സെക്രട്ടറിയും ഉൾപ്പെടെ എതിർത്തിട്ടും മുഖ്യമന്ത്രി അവഗണിച്ചു

2. കേന്ദ്ര ഉന്നതാധികാര സമിതിയും നിയമനത്തെ എതിർത്തിരുന്നു

3. ജനങ്ങളുടെ വിശ്വാസം കാക്കണം

4.പരിസ്ഥിതി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്

Advertisement
Advertisement