യുവതിയെ അപമാനിച്ച മധ്യവയസ്കൻ പിടിയിൽ

Thursday 05 September 2024 12:37 AM IST

ആലുവ: സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് യുവതിയെ അപമാനിച്ച മധ്യവയസ്‌കൻ പിടിയിൽ. നെടുമ്പാശേരി സ്വദേശി റിജു (55) വിനെയാണ് ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെയും മറ്റൊരു വ്യക്തിയുടെയും പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും അതിൽ ഇരുവരുടെയും ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് അവരുടെ കുടുംബ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചു. വിശ്വസിപ്പിക്കാൻ പ്രതിയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ വാട്‌സ്ആപ്പ് നമ്പറിൽ നിന്നും ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് സമാനമായ രീതിയിലുള്ള സന്ദേശങ്ങൾ ഇയാൾ അയച്ചു.

യുവതിയുമായുള്ള അടുപ്പം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് ഇതെല്ലാം ചെയ്തത്. കുറ്റം യുവതിയുടെ ഭർത്താവിന് മേൽ കെട്ടിവെക്കാനും ശ്രമിച്ചു. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻസ്‌പെക്ടർ വിപിൻദാസ്, എസ്.ഐ.സി. ആർ. ഹരിദാസ് , എ.എസ്.ഐ. ആർ. ഡെൽജിത്, സി.പി.ഒ മാരായ ലിജോ ജോസ്, ആൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.