മാന്നാറിലെ ബന്ദിപ്പൂ പാടം ഓണം കളറാക്കും !
മാന്നാർ: പൊന്നോണ പൂക്കളങ്ങൾക്ക് പൊൻചാരുതയേകാൻ പെൺസംഘത്തിന്റെ ബന്ദിപ്പൂ പാടം വിളവെടുപ്പിന് വിരിഞ്ഞൊരുങ്ങി. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് സൗഭാഗ്യ കുടുംബശ്രീയുടെ വിനായക ഫ്‌ളവേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പതിനേഴ് വനിതകളുടെ ഒരു മാസത്തെ കഠിനാധ്വാനത്തിലാണ് കണ്ണിനു കുളിർമയേകി ബന്ദിപ്പൂ പാടം പൂത്തുലഞ്ഞത്. കുട്ടംപേരൂർ നാലേകാട്ടിൽ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളമുള്ള സ്ഥലത്താണ് ബന്ദിപ്പൂ കൃഷി. തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ കോയിക്കൽ മുക്കിന് തെക്ക് സ്ഥിതിചെയ്യുന്ന കുറ്റിയിൽ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിന് സമീപവും നാലേകാട്ടിൽ ക്ഷേത്രത്തിന് സമീപവുമായി രണ്ടിടങ്ങളിലായി ഒരുമാസം മുമ്പ് നട്ട് വളർത്തിയ ആയിരത്തോളം ബന്ദി തൈകകളാണ് വിളവെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്. പതിനാറാം വാർഡിലെ സൗഭാഗ്യ കുടുംബശ്രീ അംഗങ്ങളായ മായ, ശാന്ത, തങ്കമ്മ, രാധാമണി.കെ, സുജാത, രമ, ശോഭ, സരസ്വതി, രാജലക്ഷ്മി, വത്സല, റംലത്ത്, അമ്മിണി, രാധാമണി സി.പി, ജയശ്രീ, രാജമ്മ, ബിന്ദു, ശ്യാമള എന്നിവരടങ്ങിയ 17 അംഗ സംഘമാണ് ബന്ദിയെ പരിപാലിച്ച് വളർത്തിയത്.
കാണികളും എത്തുന്നു
എല്ലുപൊടിയും ചാണകവും നടുന്ന സമയത്ത് ഉപയോഗിച്ചതാണ് ഏക വളപ്രയോഗം
ഒരു ചെടിയിൽ മുപ്പത് മുതൽ മുപ്പത്തിയഞ്ച് വരെ ബന്ദിപ്പൂക്കളുണ്ട്
പൂക്കൾ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു
ബന്ദിപ്പൂ പാടം കാണാൻ ദിവസേന ധാരാളം പേർ എത്തുന്നു
പദ്ധതി തുക: ₹ 50,000
സബ്സിഡി
ഒരേക്കറിന്: ₹6400
വെയിലും മഴയും നന്നായി ലഭിക്കുന്ന തുറസായ സ്ഥലം കണ്ടെത്തി ആവശ്യമായ ഒരുക്കങ്ങളോടെയാണ് ഇത്തവണ കൃഷിയിറക്കിയത്
- ഹരികുമാർ മാവേലിക്കര, കൃഷി ഓഫീസർ, മാന്നാർ
ഇത്തവണ മൂന്ന് വാർഡുകളിൽ നടത്തിയ ബന്ദിപ്പൂ കൃഷി അടുത്ത വർഷം മുഴുവൻ വാർഡുകളിലേക്കും വ്യാപിപ്പിക്കും
- ടി.വി രത്നകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്