അൻവറിന്റെ ആരോപണം മന്ത്രിസഭയിൽ ചർച്ചയായില്ല

Thursday 05 September 2024 1:36 AM IST

തിരുവനന്തപുരം: സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെയും പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. ഘടകകക്ഷി മന്ത്രിമാരടക്കം ആരും ഇക്കാര്യമുന്നയിച്ചില്ല. മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ അതീവ ഗൗരവമുള്ള വിഷയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നെങ്കിലും സി.പി.ഐ മന്ത്രിമാരും വിഷയത്തിൽ മൗനംപാലിച്ചു.

പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശാരദാമുരളീധരന്റെ ആദ്യ മന്ത്രിസഭാ യോഗമായിരുന്നു ഇന്നലത്തേത്. ശാരദാ മുരളീധരന് ഔപചാരിക സ്വാഗതം നൽകി.

ഓണത്തിന് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും നൽകുന്ന ബോണസ്, ഉത്സവബത്ത, ശമ്പള അഡ്വാൻസ് തുടങ്ങിയ വിഷയങ്ങളും ഇന്നലെ മന്ത്രിസഭായോഗത്തിൽ എത്തിയില്ല. ഇക്കാര്യത്തിൽ ധനവകുപ്പ് ഉത്തരവിറക്കിയശേഷം അടുത്ത മന്ത്രിസഭായോഗത്തിൽ അംഗീകാരം തേടുമെന്നാണ് സൂചന. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ബോണസ് വിഷയം പരിഗണിച്ചു.