അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റ് ഒക്ടോബറിൽ

Thursday 05 September 2024 12:56 AM IST

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ ഒക്ടോബർ 2 മുതൽ 5 വരെ കൊച്ചിയിൽ നടക്കും. കേരള ലളിതകലാ അക്കാ‌ഡമിയും കലിഗ്രഫർ നാരായണ ഭട്ടതിരിയും തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കചടതപ ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത ഹീബ്രു കലിഗ്രഫറായ മിഷേൽ ഡി അനസ്റ്റാഷ്യോ,വിയറ്റ്നാമിൽ നിന്നുള്ള ഡാംഗ് ഹോകു,ഏഷ്യൻ കലിഗ്രഫി അസോസിയേഷൻ വൈസ് പ്രസിഡന്റും കലിഗ്രഫറുമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജിൻയംഗ്,അച്യുത് പാലവ്,മുംബയ് ജെ.ജെ. ഇൻസ്റ്റിറ്റ്യുട്ട് ഡീനും കലിഗ്രഫറുമായ സന്തോഷ് ക്ഷീർസാഗർ,ഇന്ത്യൻ രൂപാ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ് കുമാർ,ആർട്ടിസ്റ്റ് നാരായണ ഭട്ടത്തിരി തുടങ്ങിവർ പങ്കെടുക്കും. മലയാളം,കന്നഡ,തെലുങ്ക്,ഗുജറാത്തി,ദേവനാഗരി,ഇംഗ്ലീഷ്,ഹിന്ദി,അറബിക്ക്,ഉറുദു,ഹീബ്രൂ,വിയറ്റ്നാമീസ്,കൊറിയൻ എന്നീ കലിഗ്രഫികളുടെ സങ്കീർണതകൾ ഫെസ്റ്റിലൂടെ മനസിലാക്കാം. വിവിധ ഭാഷകളിലുള്ള നൂറ്റിയമ്പതോളം കലിഗ്രഫി രചനകളുടെ പ്രദർശനം ഉണ്ടായിരിക്കും. ശില്പശാലകൾ,പ്രഭാഷണങ്ങൾ,തത്സമയ ഡെമോകൾ,കർണാടക സംഗീതജ്ഞനായ ടി.എം.കൃഷ്ണയുടെ സംഗീതക്കച്ചേരി,ശ്രീദേവി നമ്പൂതിരിയുടെ നൃത്തം തുടങ്ങിയവയും നടക്കും. അടുത്ത അഞ്ചു വർഷത്തേക്കുള്ള കലിഗ്രഫി ഫെസ്റ്റിവൽ കലണ്ടർ പ്രഖ്യാപിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://kachatathapa.comൽ ഇന്ന് രജിസ്റ്റർ ചെയ്യണം.

Advertisement
Advertisement