ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്
മട്ടാഞ്ചേരി: വിദേശജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റുചെയ്തു. ഭർത്താവ് ഒളിവിലാണ്. പള്ളുരുത്തി കടേഭാഗത്ത് താമസിക്കുന്ന ജിബിൻ ജോർജിന്റെ ഭാര്യ അനുവാണ് (34) അറസ്റ്റിലായത്.
ഇസ്രയേലിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരെ അയർലൻഡിൽ നഴ്‌സിംഗ് ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. അമ്പതിലേറെപ്പേരിൽ നിന്നായി മൂന്ന് കോടിയോളംരൂപ തട്ടിയെടുത്തതാണ് കേസ്. തട്ടിപ്പിന് ഇരയായവരിൽ ഏറെയും നഴ്‌സിംഗ് വിദ്യാർത്ഥികളാണ്.
എറണാകുളം സ്വദേശികളായ രണ്ടുപേർ പരാതി നൽകിയതോടെയാണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇവരിൽനിന്ന് മാത്രം പന്ത്രണ്ട് ലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തെന്നാണ് പരാതി.
അനുവിനെതിരെ ഇടുക്കി ,കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ഒമ്പത് തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.
മംഗലാപുരം നെല്ലിയാടിയിൽ നിന്നാണ് പൊലീസ് അനുവിനെ പിടികൂടുന്നത്. ഇസ്രയേലിൽ ഹെൽത്ത് കേയർടേക്കറായിരുന്ന അനു ജോലിയുമായി ബന്ധപ്പെട്ട പരിചയത്തിലുടെയാണ് തട്ടിപ്പ് നടത്തിയത്. ഇസ്രയേലിൽ ഹെൽത്ത് വിഭാഗത്തിൽ ജോലിചെയ്യുന്നവർക്ക് കുടുംബമായി താമസിക്കാൻ കഴിയുന്നതോടൊപ്പം ശമ്പളവും കൂടുതൽ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ വലയിലാക്കിയത്. ബാങ്ക് അക്കൗണ്ടുവഴി ഒരാളിൽനിന്ന് അഞ്ചുലക്ഷം രൂപയാണിവർ വാങ്ങിയത്. തുക എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിച്ചുവരികയാണന്ന് ഡി.സി. പി എസ്. സുദർശൻ പറഞ്ഞു.
പള്ളുരുത്തി എസ്.ഐ എം. മനോജ്, എ.എസ്.ഐ പോൾ, ശ്രുതി എന്നിവർ ചേർന്നാണ് അനുവിനെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി.