യുക്രെയിൻ വിദേശകാര്യ മന്ത്രി രാജിവച്ചു

Thursday 05 September 2024 7:02 AM IST

കീവ്: റഷ്യൻ ആക്രമണം രൂക്ഷമായതിനിടെ യുക്രെയിനിൽ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ രാജിവച്ചു. പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. റഷ്യക്കെതിരെ വിജയം കൈവരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്ന് സെലെൻസ്കി പറഞ്ഞു. പോരാട്ടത്തിന് പുതിയ ഊർജ്ജം കൈവരിക്കണമെന്നും ഇതിനായി എല്ലാ മേഖലകളിലും മാറ്റം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഉപപ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പുതിയ വിദേശകാര്യ മന്ത്രിയെ ഉടൻ പ്രഖ്യാപിക്കും. കുലേബയ്ക്ക് സെലെൻസ്കി പുതിയ പദവി നൽകുമോ എന്ന് വ്യക്തമല്ല. 43കാരനായ കുലേബ 2020ലാണ് പദവി ഏറ്റെടുത്തത്. ഇതിനിടെ, ഇന്നലെ പടിഞ്ഞാറൻ യുക്രെയിനിലെ ലിവീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ മൂന്ന് കുട്ടികൾ അടക്കം 7 പേർ കൊല്ലപ്പെട്ടു. 40ലേറെ പേർക്ക് പരിക്കേറ്റു. സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും തകർന്നു.

Advertisement
Advertisement