വെനസ്വേലയിൽ ക്രിസ്‌മസ് ഒക്ടോബറിൽ!
കാരക്കാസ്: ഡിസംബർ 25നാണ് ക്രിസ്‌മസ് എന്ന് നമുക്കറിയാം. എന്നാൽ, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഇത്തവണ ഒക്ടോബറിലാണ് ക്രിസ്മസ്. ! മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയുടേതാണ് വിചിത്ര ഉത്തരവ്.
ഈ വർഷം ഒക്ടോബർ ഒന്നിന് രാജ്യത്ത് ഔദ്യോഗിക ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങുമെന്ന് മഡുറോ ഉത്തരവിട്ടു. ' ഇത് സെപ്തംബറാണ്. പക്ഷേ, ക്രിസ്മസ് കാലം വന്നപോലെയാണ് തനിക്ക് തോന്നുന്നത്." മഡുറോ പറഞ്ഞു. ജൂലായിൽ നടന്ന തിരഞ്ഞെടുപ്പിൽ 51 ശതമാനം വോട്ട് നേടിയായിരുന്നു മഡുറോയുടെ ജയം. എന്നാൽ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്.
മഡുറോയുടെ ജയം അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. ഇതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മഡുറോയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. അതേ സമയം, മഡുറോയുടെ പ്രഖ്യാപനത്തിനെതിരെ വെനസ്വേലൻ എപിസ്‌കോപ്പൽ കോൺഫറൻസ് രംഗത്തെത്തി. ക്രിസ്മസ് ഡിസംബർ 25ന് ആഘോഷിക്കുമെന്നും അവർ അറിയിച്ചു. ഇതാദ്യമായല്ല മഡുറോ ക്രിസ്മസ് ആഘോഷം നേരത്തെയാക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 1 ആയിരുന്നു രാജ്യത്ത് ഔദ്യോഗിക ക്രിസ്മസ് ദിനം. 2021ൽ ഒക്ബോർ 4നായിരുന്നു ക്രിസ്‌മസ്.