മൊബൈൽ തട്ടിപ്പറിക്കും, തടഞ്ഞാൽ കുത്തി വീഴ്‌ത്തും; തലസ്ഥാനത്ത് ഇറങ്ങിനടക്കാനാവാതെ ജനങ്ങൾ

Thursday 05 September 2024 12:05 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മൊബൈൽ തട്ടിപ്പറിക്കുന്ന സംഘത്തിന്റെ ആക്രമണം വ്യാപകമാകുന്നു. മയൂർ വിഹാറിലും സമീപ പ്രദേശങ്ങളിലുമായി വെറും 14 മണിക്കൂറിനിടെ അഞ്ചുപേരെയാണ് സംഘം ലക്ഷ്യംവച്ചത്. ആക്രമണത്തിൽ ഇതിലെ രണ്ടുപേരെ സംഘം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തു.

രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് കഴിഞ്ഞ ദിവസം അഞ്ച് ആക്രമണങ്ങളും നടന്നത്. ഇതോടെ ഡൽഹിയിലെ ജനങ്ങളുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് മയൂർ വിഹാറും പരിസര പ്രദേശങ്ങളും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് ഡൽഹി പൊലീസ് പറയുന്നത്. അഞ്ച് ആക്രമണങ്ങൾക്ക് പിന്നിലും ഒരേ സംഘം തന്നെയാവാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറഞ്ഞു. മയൂർ വിഹാർ പൊലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തിനിടെ കുത്തേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

സെ‌പ്‌തംബർ ഒന്നിന് വൈകിട്ട് നാല് മണിക്കും സെപ്‌തംബർ രണ്ടിന് രാവിലെ ആറരയ്‌ക്കും മദ്ധ്യേയാണ് മൊബൈൽ തട്ടിപ്പറിക്കുന്ന സംഘം ആക്രമണം നടത്തിയത്. റോഡരികിലൂടെ മൊബൈലിൽ സംസാരിച്ച് പോകുന്നവരെയാണ് ഇക്കൂട്ടർ ലക്ഷ്യം വയ്‌ക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കറുത്ത ഹെൽമറ്റ് ധരിച്ച് ബൈക്കിലാണ് സംഘം എത്തുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുകയാണ് പൊലീസ് .