ഒരു ബന്ധത്തിൽ മൂന്ന് പേർ, നിങ്ങൾ സിംബയോസെക്ഷ്വൽ ആണോ?; പുതിയ ലെെംഗികതയിൽ ഞെട്ടി ലോകം

Thursday 05 September 2024 12:57 PM IST

ലോകം മാറുന്നതനുസരിച്ച് ഒരു വ്യക്തിയുടെ അഭിരുചികളിലും താൽപര്യങ്ങളിലും നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. അത്തരത്തിൽ ഒരു പുതിയ തരം ലെംഗികത കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. 'സിംബയോസെക്ഷ്വലിറ്റി' എന്ന് അറിയപ്പെടുന്ന ഈ പുതിയ ലെെംഗികത ഇപ്പോൾ സാധാരണയായി എല്ലായിടത്തും കണ്ടുവരുന്നതായി ഗവേഷകർ പറയുന്നു.

എന്താണ് 'സിംബയോസെക്ഷ്വലിറ്റി'

യുഎസിലെ സിയാറ്റിൽ സർവകലാശാലയിൽ നടത്തിയ പുതിയ പഠനത്തിലാണ് സിംബയോസെക്ഷ്വലിറ്റി കണ്ടെത്തിയത്. ഒരു വ്യക്തിയോടുള്ള ആകർഷണമാണ് പലരും പ്രണയമായി കാണുന്നത്. എന്നാൽ അതിന് അപ്പുറം മറ്റൊന്ന് ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഒരു വ്യക്തിയോടല്ല, രണ്ടുപേർ തമ്മിലുള്ള ബന്ധത്തോട് തോന്നുന്ന ആകർഷണമാണ് 'സിംബയോസെക്ഷ്വലിറ്റി''.

ഉദാഹരണത്തിന് ദമ്പതികളുടെ ഇടയിലെ അടുപ്പം, ഐക്യം, ബന്ധം എന്നിവയാണ് ഒരു സിംബയോസെക്ഷ്വലിറ്റി വ്യക്തിയെ ആകർഷിപ്പിക്കുന്നത്. ഇവിടെ ആകർഷണം തോന്നുന്നത് വ്യക്തിയോട് ആയിരിക്കില്ല പകരം അവർ ഒരുമിച്ച് സൃഷ്ടിച്ച ബന്ധത്തോട് ആയിരിക്കും. ഈ ആകർഷണം കേവലം ശാരീരികമായുള്ളതോ സൗന്ദര്യപരമായതോ മാത്രമല്ല, ദമ്പതിക്കൾക്കിടയിലെ ബന്ധത്തിന്റെ ഗുണങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ്.

ഡോ. സാലി ജോൺസ്റ്റൺ ഇതിന് കൂടുതൽ നിർവചനം നൽകിയിട്ടുണ്ട്. ചില വ്യക്തികൾ ദമ്പതികളോട് തടയാൻ കഴിയാത്ത വിധത്തിൽ ആകർഷിക്കപ്പെടുന്നുവെന്ന് സാലി ജോൺസ്റ്റൺ പറയുന്നു. 'ആർക്കെെവ്‌സ് ഓഫ് സെക്ഷ്വൽ ബിഹേവിയറിൽ' പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ സാലി ഇതിനെക്കുറിച്ച് വിശദീകരിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ച് അധികം ജനങ്ങൾക്ക് അറിയില്ല.

'ദ ന്യൂയോർക്ക് പോസ്റ്റ്' പറയുന്നത് അനുസരിച്ച് പഠനത്തിൽ പങ്കെടുത്ത 373 പേരിൽ 145 പേർക്കും വ്യക്തികളെക്കാൾ ദമ്പതികളോടാണ് ആകർഷണം തോന്നിയതായി കണ്ടെത്തി. ഇവർ ദമ്പതികളിൽ നിന്ന് അടുപ്പം, പരിചരണം, ശ്രദ്ധ എന്നിവ ആഗ്രഹിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ദമ്പതികളുടെ സ്‌നേഹം കാണുമ്പോൾ അസൂയ അനുഭവപ്പെടാനുള്ള സാദ്ധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു.

സിംബയോസെക്ഷ്വലിറ്റി പ്രായം, വംശം, സാമൂഹിക നില എന്നിവയെ പരിഗണിക്കാതെ എല്ലാവരിലും കാണപ്പെടുന്നു. ഏപ്രിൽ റിലീസ് ചെയ്ത 'ചലഞ്ചേഴ്സ്' എന്ന സിനിമയിൽ സിംബയോസെക്ഷ്വലിറ്റിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സിംബയോസെക്ഷ്വലിറ്റിയിൽ ചിലർക്ക് ദമ്പതികളോടൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാനായിരിക്കും താൽപര്യം. ഈ ബന്ധത്തിൽ നിന്ന് കുറച്ച് നാൾ കഴിഞ്ഞ് മൂന്നാമത്തെ ആളെ ഒഴിവാക്കാൻ സാദ്ധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

കൂടുതൽ ലെെംഗികത ഉണ്ടോ?

ന്യൂയോർക്ക് പോസ്റ്റ് അനുസരിച്ച് നമുക്ക് അറിയാവുന്നതിലും കൂടുതൽ ലെെംഗികത ഉണ്ടെന്ന് ഗവേഷകർ പറയുന്നു. മനുഷ്യന്റെ ആകർഷണവും ആഗ്രഹവും സ്വഭാവവും മാറികൊണ്ടിരിക്കുന്നു. മാറിവരുന്ന മനുഷ്യന്റെ ലെെംഗിക ഐഡന്റികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഗവേഷകർ പദ്ധതിയിടുന്നുണ്ട്.

Advertisement
Advertisement