ദുരിത വിനാശകൻ മഹാഗണപതി

Friday 06 September 2024 1:11 AM IST

നാളെ ശ്രീവിനായക ചതുർത്ഥി. ചതുർത്ഥിപൂജ തൊഴുതാൽ ദുരിത ദുഃഖ നിവാരണമുണ്ടാകുമെന്നും ഭയശോക കഷ്ടനഷ്ട വിഹ്വലതകളിൽ നിന്ന് മോചനം കൈവരുമെന്നുമാണ് വിശ്വാസം. ചിങ്ങമാസത്തിലെ വെളുത്തവാവ് കഴിഞ്ഞുള്ള കറുത്ത പക്ഷത്തിലെ നാലാം ദിവസമാണ് വിനായക ചതുർത്ഥി. (എല്ലാ മാസവും വെളുത്തവാവു കഴിഞ്ഞുള്ള കറുത്ത പക്ഷത്തിലെ ചതുർത്ഥിനാൾ വിനായകയ ചാതുർത്ഥിയായിക്കണ്ട് പൂജചെയ്യുന്നത് ഉത്തമമാണ്).

അമ്പത്തിയൊന്ന് അക്ഷരങ്ങളെയും പ്രതിനിധീകരിച്ച് ബാലഗണപതി, തരുണ ഗണപതി, ഭക്ത ഗണപതി, വീര ഗണപതി,ശക്തി ഗണപതി, ദ്വിജ ഗണപതി, സിദ്ധി ഗണപതി എന്നിങ്ങനെ മഹാഗണപതിക്ക് അമ്പത്തിയൊന്ന് രൂപഭാവങ്ങളും നാമങ്ങളുമുണ്ട് . ഇതിൽത്തന്നെ മുപ്പത്തിരണ്ടെണ്ണം ഏറെ പ്രാധാന്യമർഹിക്കുന്നു .എന്നാൽ ആദ്യത്തെ പതിനാറു രൂപങ്ങൾ 'ഷോഡശ ഗണപതികൾ" എന്നറിയപ്പെടുന്നു. വിദ്യാരംഭ വേളകളിൽ കുഞ്ഞുങ്ങളുടെ നാവിൽ സ്വർണമോതിരംകൊണ്ട് 'ഹരി"യുടെയും 'ശ്രീ"യുടെയും നാമത്തിനൊപ്പം ശ്രീഗണപതിയെയും കുറിക്കുന്നു. വൈദികവും താന്ത്രികവുമായ കാര്യങ്ങൾ ആരംഭിക്കുമ്പോൾ ഗുരുവിനെയും ഗണപതിയേയും ഉപാസിക്കണമെന്ന് നിയമമുണ്ട്. മനുഷ്യശരീരത്തിൽ ഇടതുഭാഗത്തായി ഗുരുവിനെയും വലതുഭാഗത്തായി ഗണ പതിയേയും മനസാ പ്രതിഷ്ഠിച്ചാണ് ഏതു പ്രാർത്ഥനയും നടത്തുന്നത്.

വേദവ്യാസനായ കൃഷ്ണദ്വൈപായനൻ ശ്രീമഹാഭാരതം ചമച്ചത് ശ്രീഗണനാഥന്റെ അനുഗ്രഹംകൊണ്ടാണ്. ബ്രഹ്മദേവന്റെ നിർദ്ദേശാ നുസരണം സൃഷ്ടിക്കപ്പെട്ട ഭാരതകഥ,​ വേദവ്യാസൻ പറഞ്ഞുകൊടുത്ത് മഹാഭാരതം രചിച്ചുകൊണ്ടിരിക്കെ എഴുത്താണി ഒടിഞ്ഞപ്പോൾ ശ്രീഗണപതി സ്വന്തം കൊമ്പൊടിച്ച് എഴുത്താണിയാക്കി നൽകിയെന്നാണ് കഥ. ഗണപതിയുടെ വിവിധ ഭാവങ്ങളിലുള്ള വിഗ്രഹങ്ങൾ പല ക്ഷേത്രങ്ങളിലും കാണാം. ബാലഗണപതി, തരുണഗണപതി എന്നിങ്ങനെയും, അഞ്ചു മുഖങ്ങളും പത്തുകൈകളും മൂന്നുകണ്ണുകളുമുള്ള സിംഹാരൂഢനായ പഞ്ചമുഖ ഗണപതിയും, നൃത്തഗണപതിയും, ബ്രഹ്മചാരി ഭാവത്തിലുള്ള വരസിദ്ധി വിനായകനുമാണ് പ്രധാന ഗണപതി പ്രതിഷ്ഠകൾ. ഗണേശാനി, വിനായകി, ശൂർപ്പകർണ്ണി, ലംബാമേഖല എന്നീ സ്ത്രീഭാവങ്ങളിലും ശ്രീഗണേശനെ ശാക്തേയന്മാർ ആരാധിക്കുന്നു.

ഏത്തമിട്ട് ഗണപതിയെ വന്ദിക്കുന്നത് സകല പാപങ്ങളിൽ നിന്നും മുക്തി നൽകും. വലതുകൈകൊണ്ട് ഇടതുകാതിലും,​ ഇടതുകൈകൊണ്ടു വലതു കാതിലും പിടിച്ച്,​ കാലുകൾ പിണച്ചു നിന്ന്,​ പരമാവധി താഴ്ന്നു കുമ്പിട്ട് സ്തുതിക്കലാണ് ഏത്തമിടൽ കൊണ്ടു ഉദ്ദേശിക്കുന്നത്. ബുദ്ധിയുടെ വികാസത്തെ ശാസ്ത്രീയമായി ഉണർത്തുന്ന ഒരു ആദ്ധ്യാത്മ പ്രക്രിയ കൂടിയാണിത്.

സ്വാർത്ഥതകൊണ്ട് അന്ധമായ ഭൗതിക അപചയങ്ങൾക്ക് വിരാമമിടുന്നതിനും, മനുഷ്യ സാഹോദര്യത്തിനും,​ ആദ്ധ്യാത്മികമായ അഭ്യുന്നതിക്കുമായി ആചരിക്കുന്ന ശ്രീവിനായക ചതുർത്ഥി നമ്മുടെ സംസ്‌കൃതിയുടെ മഹത്തരമായ ഈടുവയ്പു കൂടിയാണ്.

Advertisement
Advertisement