ഓണക്കാലത്തെ റെയിൽവേ പാര
ടിക്കറ്റ് വകയിൽ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ട്രെയിനുകളിൽ ഒഴിഞ്ഞ കോച്ചുകൾ സ്ഥിരം കാഴ്ചയാണെങ്കിൽ ഇവിടെ അത് അപൂർവമാണ്. മാത്രമല്ല ടിക്കറ്റ് എടുത്തു തന്നെയാണ് എല്ലാവരും യാത്ര ചെയ്യുന്നതും. എന്നാൽ കേരളത്തോട് റെയിൽവേ വർഷങ്ങളായി തുടരുന്നത് ചിറ്റമ്മനയം തന്നെയാണ്. ബഡ്‌ജറ്റിൽ പല പ്രധാന പദ്ധതികൾക്കും ആവശ്യത്തിന് പണം നീക്കിവയ്ക്കില്ല, പുതിയ ട്രെയിനുകൾ അനുവദിക്കാതിരിക്കുക, പാളം ഇരട്ടിപ്പ് വൈകിക്കുക തുടങ്ങി പല നടപടികളും റെയിൽവേയുടെ ഭാഗത്തു നിന്ന് ഉണ്ടാകാറുണ്ട്. അതേസമയം, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിന് നിരവധി പുതിയ സർവീസുകളും പദ്ധതികളും അനുവദിക്കാൻ റെയിൽവേയ്ക്ക് യാതൊരു പ്രയാസവുമില്ല. ദക്ഷിണ റെയിൽവേയുടെ ഭരണം നടത്തുന്നവരിൽ ഏറെയും തമിഴ്‌നാട്ടിലും കർണ്ണാടകയിലും നിന്നുള്ള ഉദ്യോഗസ്ഥരാണ്. അവർക്ക് കേരളത്തോട് താത്പര്യമൊന്നുമില്ല. അവർക്കു മുന്നിൽ കേരളത്തിനു വേണ്ടി വാദിക്കാനും ആരുമില്ല.
ഏറ്റവും ഒടുവിൽ, ഈ ഓണക്കാലത്ത് റെയിൽവേയുടെ വക പാര ഉണ്ടായിരിക്കുന്നത് നിറയെ യാത്രക്കാർ ഉണ്ടായിരുന്ന എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നിറുത്തിവച്ചുകൊണ്ടാണ്. ജൂലായ് 25 മുതൽ ആഗസ്റ്റ് 26 വരെ മാത്രമാണ് എറണാകുളം - ബംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ഓടിച്ചത്. ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെ പ്ളാറ്റ്‌ഫോം നവീകരണത്തിന്റെ പേരു പറഞ്ഞാണ് ഈ സർവീസ് അവസാനിപ്പിച്ചത്. അതേസമയം, ഇതേ സ്റ്റേഷനിൽ നിന്ന് മധുര വന്ദേഭാരത് പ്രതിദിന സർവീസ് തുടങ്ങുകയും ചെയ്തു. ഇതുകൂടാതെ തമിഴ്‌നാടിന് രണ്ടു പുതിയ ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. പ്ളാറ്റ്‌ഫോം നവീകരണത്തിന്റെ പേരിൽ കേരളത്തിലേക്കുള്ള ട്രെയിൻ നിറുത്തുകയും മറ്റു സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ അനുവദിക്കുകയും ചെയ്യുന്നത് എന്തു ന്യായമാണ്? വേണമെങ്കിൽ സമയമാറ്റം വരുത്തി സർവീസ് നിലനിറുത്താമായിരുന്നു.
അതിനു പകരം ഈ ഓണക്കാലത്ത് ബംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാർക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട്, നിറയെ യാത്രക്കാരുണ്ടായിരുന്ന ഒരു സർവീസ് നിറുത്തുകയാണ് ചെയ്തത്. സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. സ്വകാര്യ ബസ് ലോബിക്കാർ കൊള്ള നിരക്കാണ് പ്രത്യേക സീസണുകളിൽ ഈടാക്കുന്നത്. കേരളത്തിന് അനുവദിച്ച വന്ദേഭാരത് സർവീസ് നടത്താതെ അഞ്ചുമാസം വെറുതെ ഇട്ടിരുന്നതിനു ശേഷമാണ് ഏതാണ്ട് ഒരു മാസം ഓടിച്ചത്.
ആഴ്ചയിൽ അരലക്ഷത്തിലധികം യാത്രക്കാരുള്ള ബംഗളൂരു - എറണാകുളം റൂട്ട് സ്വകാര്യ ലക്ഷ്വറി ബസുകാരുടെ ലാഭ മേഖലയാണ്. ഓണക്കാലത്ത് എ.സി സ്ളീപ്പർ ടിക്കറ്റ് 500 രൂപ വരെ സ്വകാര്യ ബസുകാർ ഉയർത്താറുണ്ട്. വന്ദേഭാരത് നിറുത്തുകയും മറ്റ് ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതാവുകയും ചെയ്യുന്നതോടെ യാത്രക്കാർക്ക് ബസിൽ കൊള്ള നിരക്കിൽ യാത്രചെയ്യേണ്ടിവരും.
നിറുത്തിയ വന്ദേഭാരതിൽ എട്ട് കോച്ചുകളാണ് ഉണ്ടായിരുന്നത്. ബംഗളൂരുവിലേക്ക് 105 ശതമാനവും എറണാകുളത്തേക്ക് 88 ശതമാനവും ബുക്കിംഗ് ഉണ്ടായിരുന്നു. ഇതേ കാലയളവിൽ തുടങ്ങിയ മംഗളൂരു -ഗോവ വന്ദേഭാരതിൽ 31 ശതമാനം ബുക്കിംഗ് മാത്രമാണുള്ളത്. എന്നിട്ട് അതിപ്പോഴും തുടരുന്നു. കേരളത്തിനുവേണ്ടി ചോദിക്കാനും പറയാനും ആരുമില്ലാത്തതാണ് റെയിൽവേ ഉദ്യോഗസ്ഥർ ഇങ്ങനെ തന്നിഷ്ടം പോലെ നടപടികൾ എടുക്കാൻ ഇടയാക്കുന്നത്. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്താൻ കേരളത്തിൽ നിന്നുള്ള എം.പിമാർ മുൻകൈയെടുക്കണം. അതുപോലെ തന്നെ സംസ്ഥാന സർക്കാരും ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം.