പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തി; ആന്ധ്രാ മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Friday 06 September 2024 12:43 PM IST

വിജയവാഡ: ട്രെയിനപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയിൽവേ പാലത്തിലൂടെ സഞ്ചരിക്കവെയായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തൊട്ടരികിലൂടെയായിരുന്നു ട്രെയിൻ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി ചന്ദ്രബാബു നായിഡു പാളത്തിലൂടെ നടക്കുമ്പോൾ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരികയായിരുന്നു. റെയിൽ ഗതാഗതത്തിന് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പാലത്തിൽ കാൽനടയാത്രയ്‌ക്ക് സ്ഥലമില്ല. ട്രെയിൻ കണ്ടയുടനെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കി. വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.

ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്‌തു. കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്തഭൂമിയിൽ ചന്ദ്രബാബു നായിഡുവും സന്ദർശനം നടത്തുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോൾ ഉൾപ്പെടെ അവഗണിച്ച് വെള്ളക്കെട്ടിലൂടെ സഞ്ചരിച്ചും എൻഡിആർഎഫ് ബോട്ടുകളിൽ രക്ഷാപ്രവർത്തകർക്കൊപ്പവും അദ്ദേഹം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അതിനിടെയാണ് ഈ സംഭവമുണ്ടായത്.