'ഡിസംബർ 14ന് നിവിൻ പോളിക്കൊപ്പം അഭിനയിച്ചിരുന്നു'; തെളിവ് സഹിതം വീഡിയോ പുറത്തുവിട്ട് പാർവതി

Friday 06 September 2024 3:50 PM IST

തിരുവനന്തപുരം: നടൻ നിവിൻ പോളിക്കെതിരെ ഉയരുന്ന പീഡന പരാതിയിലെ ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് നടിയും അവതാരകയുമായ പാർവതി ആർ കൃഷ്‌ണ. പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താൻ നിവിനൊപ്പം 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നുവെന്ന് പാർവതി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡിസംബർ 14ന് ദുബായിൽ വച്ച് നിവിൻ പോളി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ, ഈ ദിവസം 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിൽ താനും നിവിൻ പോളിയും ഒരുമിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നതെന്ന് പാർവതി വ്യക്തമാക്കി. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും പാർവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'ഞാനൊരു വീഡിയോ കാണിക്കാം. ഇത് 2023 ഡിസംബർ 14നെടുത്ത വീഡിയോ ആണ്. വിനീതേട്ടന്റെ 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലെ ഷൂട്ടിന്റെ കോസ്റ്റ്യൂമാണിത്. സിനിമയിൽ ഞാനും ചെറിയൊരു വേഷം ചെയ്‌തിട്ടുണ്ടായിരുന്നു. ഡിസംബർ 14ന് നിവിൻ ചേട്ടന്റെ കൂടെയാണ് ഞാനാ സീൻ ചെയ്‌തത്. ഇതിപ്പോൾ പറയണമെന്ന് തോന്നി. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസേജയച്ചിരുന്നു. സത്യമായതുകൊണ്ടാണ് ഞാൻ ഇക്കാര്യം തുറന്നുപറഞ്ഞത് ', പാർവതി വീഡിയോയിൽ പറഞ്ഞു.

2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ നൽകിയ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നതിന് പൊലീസിന് തെളിവ് ലഭിച്ചുവെന്നാണ് വിവരം. പരാതിയിൽ പറയുന്ന ഹോട്ടലിൽ 2021ന് ശേഷം നിവിൻ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിൻ. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് തൃശൂർ സ്വദേശി എകെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ.

നിവിൻ പോളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് കാട്ടി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. താൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു താരമെന്നാണ് വിനീത് പറഞ്ഞത്. ഇതിനുള്ള ഡിജിറ്റൽ തെളിവുകൾ അടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.