യുവതിയെ തിരക്കേറിയ റോ‌ഡിൽ പീഡനത്തിനിരയാക്കി; രക്ഷിക്കുന്നതിന് പകരം വീഡിയോ പകർത്തി കാഴ്‌ചക്കാർ

Friday 06 September 2024 4:40 PM IST

ഭോപ്പാൽ: തിരക്കേറിയ റോഡിൽ വച്ച് യുവതി പീ‌ഡനത്തിനിരയായി. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. ഇരയെ രക്ഷിക്കുന്നതിന് പകരം കണ്ടുനിന്നവർ ലൈംഗികാതിക്രമം ഫോണിൽ ചിത്രീകരിച്ച് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി. പ്രതി ലോകേഷിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്‌തു.

നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നായ കൊയ്‌ല ഫടക്കിൽ ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ആക്രിപെറുക്കി ഉപജീവനമാർഗം നോക്കിയിരുന്ന ഇര ഇവിടെ വച്ചാണ് പ്രതി ലോകേഷിനെ കാണുന്നത്. വിവാഹം കഴിക്കാം ഒപ്പം വരണമെന്നും പറഞ്ഞ് യുവതിയെ പ്രലോഭിപ്പിക്കാൻ ലോകേഷ് ശ്രമിച്ചു.

സമ്മതിക്കാതെയായപ്പോൾ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് റോഡരികിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കണ്ടുനിന്നവരെല്ലാം വീഡിയോ പകർത്തി. യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇര നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വീഡിയോയിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകാൻ കാരണം ബിജെപി സർക്കാരാണെന്ന് പ്രതിപക്ഷമായ കോൺഗ്രസ് കുറ്റപ്പെടുത്തി. 'മദ്ധ്യപ്രദേശ് കോൺഗ്രസ്' എന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. 'പവിത്ര നഗരം ഉജ്ജയിൻ വീണ്ടും നാണംകെട്ടു. നാണംകെട്ട ഭരണാധികാരികൾ രാജി വയ്‌ക്കണം. അല്ലെങ്കിൽ മരിക്കണം ', എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.