'നമ്മൾ ദൈവമായി എന്ന് പ്രഖ്യാപിക്കരുത്,​ ആകണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കും',​ മോദിയെയും പാർട്ടിയെയും ഓർമ്മിപ്പിച്ച് മോഹൻ ഭഗവത്

Friday 06 September 2024 5:11 PM IST

പൂനെ: ദൈവമായി സ്വയം പ്രഖ്യാപിക്കരുതെന്നും ദൈവമാകണമോ വേണ്ടയോ എന്ന് തീരുമാനിക്കുക ജനങ്ങളാണെന്ന് ആർഎസ്‌എസ് അദ്ധ്യക്ഷൻ മോഹൻ ഭഗവത്. പൂനെയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം പ്രവർത്തകരെ ഇക്കാര്യം ഓർമ്മിപ്പിച്ചത്. തന്റെ ജീവിതാനുഭവം പരിശോധിച്ചപ്പോൾ ദൈവം നേരിട്ട് തന്നെ അയച്ചതാണെന്ന് മുൻപ് തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോഹൻ ഭഗവതിന്റെ പ്രസംഗം.

'ശാന്തരായിരിക്കുന്നതിന് പകരം മിന്നൽ പോലെ തിളങ്ങണം എന്നാണ് ചിലരുടെ വിചാരം. മിന്നൽ പ്രകാശിച്ച ശേഷം മുൻപത്തേക്കാൾ ഇരുട്ടാകും അതിനാൽ പ്രവർത്തകർ ചിരാത് പോലെ കത്തുകയും ആവശ്യമുള്ളപ്പോൾ തിളങ്ങുകയും വേണം.' മോഹൻ ഭഗവത് ഓർമ്മിപ്പിച്ചു. ശങ്കർ ദിൻകർ കാനെ അനുസ്‌മരണവേദിയിലാണ് മോഹൻ ഭഗവത് ഇത്തരത്തിൽ പ്രസംഗിച്ചത്. മണിപ്പൂരിലായിരുന്നു കാനെയുടെ പ്രവർത്തന സ്ഥലം. അക്കാലത്ത് പുറമേനിന്നുള്ള പാർട്ടി പ്രവർത്തകർ വന്നപ്പോൾ ജനങ്ങൾ അക്രമം തുടർന്നെന്നും എന്നാൽ പ്രവർത്തകർ ശാന്തരായി സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നതായും മോഹൻ ഭഗവത് ഓർമ്മിപ്പിച്ചു.

നിലവിൽ മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തിൽ ഓർമ്മിപ്പിച്ചത്. സംസ്ഥാനത്തെ എൻ‌ജി‌ഒകൾക്ക് മണിപ്പൂരിൽ സമാധാനം കൊണ്ടുവരാനായില്ല എന്നും എന്നാൽ സംഘപരിവാറിന് അന്നത് സാധിച്ചു എന്നും പ്രസംഗത്തിൽ മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു.