ഡിഐജിയിൽ വിശ്വാസം, പക്ഷേ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചേക്കാമെന്ന് അൻവർ

Friday 06 September 2024 7:59 PM IST

പാലക്കാട്: താൻ ഉന്നയിച്ച ആരോപണങ്ങളിൽ സർക്കാർ നടപടിയിലേക്ക് കടന്നുവെന്നതിന്റെ ആദ്യ സൂചനയാണ് എസ്.പി സുജിത് ദാസിന്റെ സസ്‌പെൻഷൻ എന്ന് നിലമ്പൂർ എംഎൽഎ പി.വി. അൻവർ. പൊലീസിന്റെ അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരള പൊലീസിൽ പുഴുക്കുത്തുകളുണ്ടെങ്കിലും തൃശൂർ ഡി.ഐ.ജിയിൽ വിശ്വാസമുണ്ട്. എന്നാൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് അൻവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, പി വി അൻവറിന്റെ ആരോപണങ്ങൾ സിപിഎം ചർച്ച ചെയ്‌തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. പരാതി ലഭിച്ചയുടൻ സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഭരണതലത്തിൽ പരിശോധന നടത്താനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറ‌ഞ്ഞു.

സംസ്ഥാനത്ത് ഏത് പ്രശ്നം ഉയർന്നാലും മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്ന് ഗോവിന്ദൻ വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് കേരളത്തിന് രാജ്യത്തിൻ്റെ പല ഭാഗത്തും അംഗീകാരം ലഭിക്കുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയർന്നിട്ടുണ്ട്. തൃശൂർ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവമായ കാര്യങ്ങളാണെന്നും ഗോവിന്ദൻ പറഞ്ഞു.

ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആർഎസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഐഎം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്. സുരേഷ് ഗോപിയെ ജയിപ്പിച്ചത് കോൺഗ്രസ്. വ്യാജ വാർത്ത തയ്യാറാക്കിയ ശേഷം അത് പ്രതിപക്ഷ നേതാവിലൂടെ ഉന്നയിക്കുകയാണ്. തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ടിലാണെന്നും എം.വി ഗോവിന്ദൻ പരിഹസിച്ചു.