മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പി ശശിയുടെ പേര് പറഞ്ഞിട്ടില്ല, പൊലീസിനെതിരെയുള്ള പരാതികൾ അറിയിക്കാൻ വാ‌‌ട്സാപ്പ് നമ്പരുമായി പി വി അൻവർ

Friday 06 September 2024 9:49 PM IST

കണ്ണൂർ: മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറുമെന്നും പിന്നീട് ആ പരാതിയിൽ ഒരു ചുക്കും നടക്കില്ലെന്നും പി.വി. അൻവർ എം.എൽ.എ ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഫറഞ്ഞത്. പാർട്ടി പ്രവർത്തകർക്ക് ഇത്തരത്തിൽ ഒരുപാട് അനുഭവമുണ്ടെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശിയുടെ പേര് പറ‌ഞ്ഞിട്ടില്ലെന്നും എന്നാൽ ഇനി പി. ശശിക്കെതിരെ വീണ്ടും ഇരുവർക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.താൻ നൽകിയ പരാതിയിൽ പി. ശശിയുടെ പേരില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. സി.പി.എം പാർലമെന്ററി പാർട്ടി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് താൻ പരസ്യമായി ഇക്കാര്യങ്ങൾ പറ‌ഞ്ഞതും ഇരുവർക്കും പരാതി നൽകിയതുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പോക്ക് പോയാൽ ഇനി താൻ ഉന്നയിച്ച പരാതികളിൽ വനിതാ പൊലീസ് അന്വേഷണ സംഘം തന്നെ വേണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. പൊലീസിനെതിരെ പരാതി അറിയിക്കാനുള്ളവർക്ക് അക്കാര്യം തന്നെ 8304855901 എന്ന വാട്സ്ആപ്പ് നമ്പരിൽ അറിയിക്കാം. താൻ നൽകിയ പരാതികൾ അന്വേഷിക്കാൻ പൊലീസിലെ നല്ല ആൺകുട്ടികൾ തന്നെ വരണം. തന്റെ പക്കലുള്ള എല്ലാ തെളിവും അന്വേഷണ സംഘത്തിന് നൽകും. നാളെ ഡി.ഐ.ജി തന്നോട് തെളിവുകളുമായി മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വാധീനവും ഈ അന്വേഷണത്തിൽ നടക്കില്ലെന്നും പി.വി. അൻവ‍ർ പറഞ്ഞു.