അൻവറിന്റെ ആരോപണങ്ങളിൽ സർക്കാരിന് പാർട്ടി സംരക്ഷണം

Saturday 07 September 2024 1:44 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന പി.വി.അൻവറിന്റെ ആരോപണങ്ങളിൽ ഡി.ജി.പിതല അന്വേഷണം നടക്കെ പാർട്ടി ബദൽ അന്വേഷണം നടത്തുന്നത് സർക്കാരിന്റെ പ്രതിഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.

അൻവർ തനിക്ക് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പരാമർശം പോലുമില്ലെന്ന് എം.വി.ഗോവിന്ദൻ പിന്നീട് വാർത്താ സമ്മേളനത്തിലും വ്യക്തമാക്കി. സർക്കാരിനെതിരായ അൻവറിന്റെ പരസ്യ വെളിപ്പെടുത്തലുകളെ വിമർശിക്കുകയും ചെയ്തു.

അൻവർ ബോംബിനെ പാർട്ടി തന്ത്രപൂർവം കെടുത്തിയിരിക്കയാണ്. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്ത​ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.ശശിക്കെതിരെ അന്വേഷണവും അച്ചടക്ക നടപടിയും പ്രതീക്ഷിച്ചവരെ ഇത് നിരാശയിലാഴ്ത്തി.

പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചിരിക്ക, ഇത്തരമൊരു അന്വേഷണം കൂടുതൽ ചേരിതിരിവിനും വിഴുപ്പലക്കിനും ഇടയാക്കും. സർക്കാരിനെതിരായ പ്രതിപക്ഷ കടന്നാക്രമണം ശക്തമാക്കാൻ ഇത് അവസരം നൽകുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

ഡി.ജി.പിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച അന്വേഷണം ആദ്യം നടക്കട്ടെ. ഒരു മാസത്തിനകം റിപ്പോർട്ട് ലഭിക്കും. പരിശോധിച്ച് ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ തുടർ നടപടിയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്ക് കരുവാകാതിരിക്കാനുള്ള ജാഗ്രത

പാർട്ടി കൈക്കൊള്ളണമെന്ന ആവശ്യവും ഉയർന്നു. ഈ വാദങ്ങൾ അംഗീകരിച്ചാണ് പാർട്ടി തത്കാലം അന്വേഷണത്തിലേക്ക് കടക്കേണ്ടതില്ലെന്ന ധാരണയിൽ സെക്രട്ടേറിയറ്റ് എത്തിയത്.

പി.ശശി വഴിവിട്ട നടപടി സ്വീകരിച്ചിട്ടില്ല

അൻവറിന്റെ ആരോപണങ്ങളിന്മേൽ പ്രഖ്യാപിച്ച അന്വേഷണത്തിൽ ഉൾപ്പെടെ പി.ശശി വഴിവിട്ട ഇടപെടലൊന്നും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. അൻവർ തനിക്ക് നൽകിയ പരാതിയിൽ ശശിക്കെതിരെ ആരോപണമില്ല. ഡി.ജി.പിക്കാണ് അന്വേഷണ ചുമതലയെന്നതിനാൽ ആരോപണ വിധേയനായ എം.ആർ.അജിത്കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പുകമറ പരത്തിയ അൻവറിന്റെ ആരോപണങ്ങൾ പ്രതിപക്ഷത്തിന് ആയുധം നൽകുന്നതാണ്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വിശദീകരണം. അൻവറിന്റെ ആരോപണങ്ങളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. അതോടെ, പി.ശശി വിഷയം പാർട്ടിയിൽ തത്കാലം അടഞ്ഞ അദ്ധ്യായമായി.

മാദ്ധ്യമങ്ങൾക്ക് വിമർശനം

അൻവറിന്റെ ആരോപണങ്ങൾ സർക്കാരിനെയും പാർട്ടിയെയും ആക്രമിക്കാനുള്ള വലിയൊരു അവസരമാക്കാനാണ് ഒരു വിഭാഗം മാദ്ധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും ശ്രമിച്ചതെന്നായിരുന്നു

വാർത്താസമ്മേളനത്തിൽ എം.വി.ഗോവിന്ദന്റെ ആരോപണം. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ആളില്ലെന്ന ദുഷ്പ്രചാരണവും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

പി.ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകും.

മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിൽ പി.ശശിയുടെ പേരില്ല. പരാതി പാർട്ടി സെക്രട്ടറിക്ക് എഴുതിക്കൊടുത്തിട്ടുമില്ല. ഇനി നൽകും.

- പി.വി.അൻവർ എം.എൽ.എ

Advertisement
Advertisement