നികുതി വെട്ടിപ്പ്: കുറ്റംസമ്മതിച്ച് ബൈഡന്റെ മകൻ

Saturday 07 September 2024 7:17 AM IST

വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിസന്ധിയിലാക്കി നികുതിവെട്ടിപ്പ് കേസിൽ കു​റ്റസമ്മതം നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണിത്. ഒമ്പത് സാമ്പത്തിക കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. സ്വകാര്യ താത്പര്യങ്ങൾ മുൻനിറുത്തി വിചാരണ ഒഴിവാക്കാനാണ് ഹണ്ടർ കുറ്റം സമ്മതിച്ചതെന്ന് അഭിഭാഷകൻ അറിയിച്ചു. 2016-2019ൽ 14 ലക്ഷം ഡോളർ നികുതി ഹണ്ടർ അടച്ചില്ലെന്നാണ് കേസ്. കുറ്റം ഹണ്ടർ മുമ്പ് നിഷേധിച്ചിരുന്നു. ഡിസംബർ 16ന് ശിക്ഷ വിധിക്കും. 17 വർഷം വരെ തടവും 10 ലക്ഷം ഡോളർ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പാർട്ടിയുടെ സ്ഥാനാർത്ഥിയായ കമലാ ഹാരിസ് അഭിപ്രായ സർവേകളിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നവംബറിൽ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമലയുടെ എതിരാളിയും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ഈ കുറ്റസമ്മതം ആയുധമാക്കിയേക്കും.

ലഹരി ഉപയോഗം, അനധികൃതമായി ആയുധം കൈവശംവയ്ക്കൽ തുടങ്ങി നിരവധി ആരോപണങ്ങൾ ഹണ്ടറിന്റെ പേരിൽ ഉയർന്നിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകി തോക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ഹണ്ടർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് മൂന്ന് മാസം മുമ്പാണ്. ആദ്യമായാണ് ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ മകൻ ക്രിമിനൽ കേസിൽ കുറ്റക്കാരനായത്.

 മസ്‌കിന്റെ നേതൃത്വത്തിൽ

കമ്മിഷൻ വരും: ട്രംപ്

താൻ പ്രസിഡന്റായാൽ സർക്കാരിന്റെ സാമ്പത്തിക ഓഡിറ്റിനും പരിഷ്കാരങ്ങളുടെ ശുപാർശയ്ക്കുമായി പ്രത്യേക കമ്മിഷനെ നിയമിക്കുമെന്നും ഇലോൺ മസ്കിനെ അതിന്റെ തലവനാക്കുമെന്നും ഡൊണാൾഡ് ട്രംപ്. ടെസ്‌ല, സ്‌പേസ് എക്‌സ് സ്ഥാപകനും എക്‌സ് ഉടമയുമായ മസ്‌ക് ഇതിന് സമ്മതമറിയിച്ചെന്നും ട്രംപ് പറഞ്ഞു. അതിനിടെ, കമല പ്രസിഡന്റായാൽ ഇസ്രയേൽ ലോകത്ത് നിന്ന് ഇല്ലാതാകുമെന്ന് ജൂത വിഭാഗത്തെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. 'കമലയ്ക്ക് ഇസ്രയേലിനോടും ജൂതരോടും വെറുപ്പാണ്. താൻ പ്രസിഡന്റായിരുന്നെങ്കിൽ ഹമാസ് ഇസ്രയേലിൽ ഭീകരാക്രമണം നടത്തില്ലായിരുന്നു". ട്രംപ് കൂട്ടിച്ചേർത്തു.

 കമലയ്ക്ക് പിന്തുണ: യു.എസ് തിരഞ്ഞെടുപ്പിനെ ട്രോളി പുട്ടിൻ

മോസ്കോ : യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനെ 'ട്രോളി" റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നെന്ന് പുട്ടിൻ പറഞ്ഞു. കമലയെ പ്രസിഡന്റ് ബൈഡൻ പിന്തുണയ്ക്കുന്നു. റഷ്യയും അത് തന്നെ ചെയ്യും. മറ്റുള്ളവരിലേക്ക് കൂടി ചിരിപടർത്തുന്ന കമലയുടെ തുറന്ന ചിരിയാണ് അതിന് കാരണമെന്നും പുട്ടിൻ പരിഹാസ രൂപേണ പറഞ്ഞു. കമല റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ചുമത്തില്ലെന്നാണ് കരുതുന്നതെന്നും പുട്ടിൻ കൂട്ടിച്ചേർത്തു. പ്രചാരണത്തിൽ കമലയുടെ ചിരിയെ എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ട്രംപ് നിരവധി തവണ പരിഹസിച്ചിട്ടുള്ളതാണ്. തങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ ഗൂഢാലോചന നടത്തുന്നെന്ന് യു.എസ് ആരോപിച്ചതിന് തൊട്ടടുത്ത ദിവസം ഒരു പൊതുപരിപാടിയിലായിരുന്നു പുട്ടിന്റെ പ്രതികരണം. ബൈഡൻ തങ്ങൾക്ക് പ്രിയങ്കരനായിരുന്നെന്നും അടക്കിപ്പിടിച്ച ചിരിയോടെ പുട്ടിൻ പറഞ്ഞു. ട്രംപിനെക്കാൾ ബൈഡനെയാണ് തനിക്ക് താൽപര്യമെന്നും, ബൈഡൻ പഴയ രീതികൾ പിന്തുടരുന്നതിനാൽ അദ്ദേഹം എന്ത് ചെയ്യാൻ പോകുന്നെന്ന് പ്രവചിക്കാൻ കഴിയുമെന്നും പുട്ടിൻ മുമ്പ് പരിഹസിച്ചിരുന്നു. അതേ സമയം, തങ്ങളുടെ തിരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കുന്നത് പുട്ടിൻ നിറുത്തണമെന്ന് യു.എസ് മറുപടി നൽകി.

Advertisement
Advertisement