'പുതിയ ജീവിതത്തിന് തുടക്കം'; വിവാഹവേദിയിൽ മകളെ ചേർത്തുപിടിച്ച് ദുർഗ

Saturday 07 September 2024 10:47 AM IST

തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് ഗായിക ദുർഗ വിശ്വനാഥ്. വിവാഹശേഷം വേദിയിൽ മകളെ ചേർത്തുപിടിച്ച് നിൽക്കുന്ന ദുർഗയെ ദൃശ്യങ്ങളിൽ കാണാം. 'ഗുരുപരമ്പരയുടെയും ബന്ധുജനങ്ങളുടെയും അനുഗ്രഹത്താൽ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഞങ്ങൾ പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. അനുഗ്രഹാശിസുകൾക്ക് ഏവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ', എന്ന അടിക്കുറിപ്പോടെയാണ് ദുർഗ ചിത്രങ്ങൾ പങ്കുവച്ചത്.

നിരവധിപേരാണ് ദുർഗയ്‌ക്കും വരൻ ഋജുവിനും വിവാഹ മംഗളാശംസകൾ അറിയിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വ്യാഴാഴ്‌ച പുലർച്ചെ ആയിരുന്നു ദുർഗയും ഋജുവും വിവാഹിതരായത്. കണ്ണൂർ സ്വദേശിയായ ഋജു ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്.

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയുമായി മാറിയ ദുർഗയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്. പിന്നണിഗാനരംഗത്ത് സജീവമായ ദുർഗ നിരവധി സ്റ്റേജ് ഷോകളും ചെയ്യുന്ന തിരക്കേറിയ ഗായികയാണ്.