'ആ സീനും ഡയലോഗും നിവിൻ പോളിയുടെ കരിയർ രക്ഷിക്കുമെന്ന് പലരും പറഞ്ഞു, എന്നാൽ കരിയറിനെ മാത്രമാവില്ല, ജീവിതത്തെ കൂടിയാവും രക്ഷിക്കുന്നത്'

Saturday 07 September 2024 12:39 PM IST

നടൻ നിവിൻ പോളിക്കെതിരെ ഉയരുന്ന പീഡന പരാതിയിലെ ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന വീഡിയോയും ചിത്രവുമൊക്കെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താൻ നിവിനൊപ്പം 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി പാ‌ർവതിയാണ് വീഡിയോ പങ്കുവച്ചത്.

ഇതുകൂടാതെ പീഡനം നടന്നുവെന്ന് പറയുന്ന 2023 ഡിസംബർ‌ പതിനാലിന് നിവിൻ തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.

"സിനിമ ഇറങ്ങിയപ്പോൾ പലരും പറഞ്ഞു, ആ സീനും ഡയലോഗും നിവിൻ പോളിയുടെ കരിയർ രക്ഷിക്കുമെന്ന്. എന്നാൽ ആ സീനും ഡയലോഗും സത്യത്തിൽ രക്ഷിക്കാൻ പോകുന്നത് നിവിന്റെ കരിയറിനെ മാത്രമാവില്ല, ജീവിതത്തെ കൂടിയാവും — “ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ!”- ശ്രീജിത്ത് പണിക്കർ വ്യക്തമാക്കി.

2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ നൽകിയ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരാതിയിൽ പറയുന്ന ഹോട്ടലിൽ 2021ന് ശേഷം നിവിൻ താമസിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിൻ. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് തൃശൂർ സ്വദേശി എകെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ.