ഇടുക്കി ഗോൾഡ് വിട്ടു, ഒറീസ ഗോൾഡ് കടത്തികൊണ്ടുവന്നവർ പിടിയിൽ

Saturday 07 September 2024 1:10 PM IST

തൃശൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ തൃശൂരിൽ കാറിൽ കടത്തുകയായിരുന്ന 2.5 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ എക്സൈസ് പിടിയിലായി. തൃശൂർ പൊങ്ങണങ്ങാട് സ്വദേശി അനീഷ്, പീച്ചി സ്വദേശി വിഷ്ണു, തളിക്കുളം സ്വദേശി അമൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിപണിയിൽ വലിയ വിലയുള്ള ഒറീസ ഗോൾഡ് എന്നറിയപ്പെടുന്ന കഞ്ചാവാണ് ഓണാഘോഷം ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്നതിനായി സംഘം കടത്തിക്കൊണ്ടുവന്നത്.

വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ ഹരിദാസ്, വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ബാസിൽ, അഭിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശാനുസരണം നടന്ന പരിശോധനകളിൽ 18.6 കിലോഗ്രാം നിരോധിത പുകയില ഉൽപ്പനങ്ങൾ പിടിച്ചെടുത്തു. പാലക്കാട് കൽമണ്ഡപം, സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്.