വിവാഹനിശ്ചയം കഴിഞ്ഞ് അഞ്ചുമാസം; വേർപിരിയുന്നുവെന്ന കുറിപ്പുമായി സീമ വിനീത്

Saturday 07 September 2024 3:36 PM IST

പ്രതിശ്രുത വരനായ നിഷാന്തുമായി വേർപിരിയുകയാണെന്ന് അറിയിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ വുമണുമായ സീമ വിനീത്. അഞ്ചുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വ്യക്തിപരമായ കാരണങ്ങളാലാണ് പിരിയുന്നതെന്ന് സീമ സമൂഹമാദ്ധ്യമ കുറിപ്പിലൂടെ അറിയിച്ചു.

ഒരുപാട് ആലോചിച്ചതിന് ശേഷം, പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ചു.
ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചുകൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെയധികം വിനയപൂർവം നിങ്ങളെ അറിയിച്ചുകൊള്ളുന്നു.'- സീമ വീനിത് കുറിച്ചു.

'എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി' എന്ന കുറിപ്പോടെയാണ് കഴിഞ്ഞ ഏപ്രിലിൽ സീമ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വിവാഹ തീയതിനും അവർ പങ്കുവച്ചിരുന്നില്ല. ചിത്രങ്ങൾക്ക് താഴെ നിരവധി പേർ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറുന്നതായുള്ള സീമയുടെ തീരുമാനത്തെ അനുകൂലിച്ച് നിരവധി ആരാധകരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.