വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകനെ ഹെെദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു
ഹെെദരാബാദ്: നടൻ വിനായകനെ ഹെെദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ഹെെദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കമാണ് നടപടിക്ക് കാരണമെന്നാണ് സൂചന. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്കാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിംഗ് വിമാനം ഹെെദരാബാദിൽ നിന്നായിരുന്നു. ഇതിനിടെ ഹെെദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. ഇത് പിന്നീട് കയ്യേറ്റത്തിലേക്ക് കലാശിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ല.
അതേസമയം, വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി നടൻ ഒരു ഓൺലെെൻ ചാനലിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.