വന്ന് വന്ന് പിങ്ക് പൊലീസിനും രക്ഷയില്ല, ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയുടെ ചിത്രങ്ങൾ പകർത്താൻ ശ്രമം
കോട്ടയം: പാലാ ബസ് സ്റ്റാന്റിൽ ഡ്യൂട്ടിക്കെത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ കയ്യേറ്റ ശ്രമം. മദ്യപിച്ചെത്തിയ യുവാവ് പൊലീസുകാരിയുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിന് ഇയാളെ സ്റ്റേഷനിൽ കൊണ്ടുപോയി ജാമ്യത്തിൽ വിടുകയായിരുന്നു.
ആളുകൾ നോക്കി നിൽക്കെ യുവാവ് പൊലീസ് വാഹനത്തിന്റെയും ഉദ്യോഗസ്ഥയുടേയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. ആദ്യം ഇത് അവഗണിച്ചെങ്കിലും മുഖത്തോട് ഫോൺ അടുപ്പിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥ ഫോൺ പിടിച്ച് വാങ്ങുകയായിരുന്നു.
ഇത് തട്ടിപ്പറിക്കാൻ യുവാവ് ശ്രമിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥ ദേഹത്ത് തൊടരുതെന്ന് പറഞ്ഞെങ്കിലും ഇയാൾ വീണ്ടും ഇത് ആവർത്തിച്ചു. നൂറ് കണക്കിന് ആളുകളെ സാക്ഷിനിർത്തിയാണ് സംഭവം. തുടർന്ന് വനിത പൊലീസ് എസ്.ഐ യുവാവിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ പോസ് ചെയ്ത് നിൽക്കുകയും ചെയ്തു. പാലാ പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അതേസമയം വനിത പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചയാളെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തിൽ വിട്ടയച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം സംഭവസ്ഥലത്തു നിന്ന് വ്യാപാരികൾ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ രഹസ്യന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.