കാർഗിൽ നുഴഞ്ഞുകയറ്റം സമ്മതിച്ച് പാകിസ്ഥാൻ
Sunday 08 September 2024 12:00 AM IST
ഇസ്ലാമാബാദ്: കാർഗിലിലെ നുഴഞ്ഞുകയറ്റം ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാൻ പട്ടാളം. വെള്ളിയാഴ്ച പ്രതിരോധ ദിന പരിപാടിയിൽ സൈനിക മേധാവി ജനറൽ അസീം മുനീർ ആണ് പ്രസ്താവന നടത്തിയത്. 1948, 1965, 1971യുദ്ധങ്ങളിലും 1999ലെ കാർഗിൽ യുദ്ധത്തിലും ആയിരക്കണക്കിന് പാക് സൈനികർ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചെന്ന് മുനീർ പറഞ്ഞു. ആദ്യമായാണ് ഒരു പാക് സൈനിക മേധാവി കാർഗിൽ നുഴഞ്ഞു കയറ്റത്തിലെ പങ്ക് പരസ്യമായി അംഗീകരിക്കുന്നത്. തങ്ങൾ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് പാകിസ്ഥാൻ ഇതുവരെ ആവർത്തിച്ചത്. 'കാശ്മീരി സ്വാതന്ത്ര്യ പോരാളികൾ" എന്നാണ് നുഴഞ്ഞുകയറ്റക്കാരെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ചില മുൻ പാക് സൈനിക ഉദ്യോഗസ്ഥർ നേരത്തെ തങ്ങളുടെ പങ്ക് അംഗീകരിച്ചിട്ടുണ്ട്.