അനധികൃത മദ്യവിൽപ്പന; ദാസനെയും വിജയനെയും പൊലീസ് പൊക്കി
പൊന്നാനി : അനധികൃത വിൽപ്പനയ്ക്കായി സ്‌കൂട്ടറിൽ വിദേശ മദ്യം കൊണ്ടുവരികയായിരുന്ന രണ്ടുപേർ അറസ്റ്റിൽ. മുക്കൂട്ടക്കൽ കെ.എസ്.ഇ.ബി സബ്സ്‌റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് മദ്യം പിടികൂടിയത്.
ഈഴവതിരുത്തി വള്ളിക്കാട്ട് വളപ്പിൽ രാമദാസൻ എന്ന ദാസനെയും( 70), മുക്കൂട്ടക്കൽ ആയിരം പറമ്പിൽ വിജയനെയും(55) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശവും വാഹനത്തിലുമായി നാല് ലിറ്ററോളം വിദേശ മദ്യമുണ്ടായിരുന്നു. രാമദാസനെ ഒരു മാസം മുമ്പ് വിൽപ്പനയ്ക്കായി അനധികൃതമായി കൈവശം വച്ച 14 ലിറ്ററോളം വിദേശ മദ്യവുമായി പൊന്നാനി പോലിസ് പിടികൂടിയിരുന്നു. പൊന്നാനി പൊലിസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത്, എസ്.ഐ ടി.എം. വിനോദ്, എ. എസ്.ഐ വി.വി. സനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ , എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. മദ്യ,മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ പരിശോധനകൾ തുടരുമെന്ന് പൊന്നാനി ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത് അറിയിച്ചു.